Share this Article
image
ആംബുലൻസുകളുടെ നിരക്ക് ഏകീകരിച്ച് സർക്കാർ; 10 കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ്; ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇളവ്; താരിഫ് ഏര്‍പ്പെടുത്തി
വെബ് ടീം
posted on 24-09-2024
1 min read
AMBULANCE

തിരുവനന്തപുരം: ആംബുലന്‍സുകള്‍ക്ക് കൃത്യമായ നിരക്ക് നിശ്ചയിച്ചതായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ആംബുലന്‍സ് ഉടമകളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മിനിമം നിരക്കും അധിക കിലോമീറ്ററിന് ഈടാക്കാവുന്ന നിരക്കും തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. കൂടാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നേവി ബ്ലൂ ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിക്കണം.

10 കിലോമീറ്റര്‍ വരെയാണ് മിനിമം ചാര്‍ജ് ഈടാക്കുക. വെന്റിലേറ്റര്‍ സംവിധാനമുള്ള എസി ആംബുലന്‍സിന് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് മൊത്തനിരക്കിന്റെ 20 ശതമാനം ഇളവ് നല്‍കാമെന്ന് ആംബുലന്‍സ് ഉടമകള്‍ ഉറപ്പുനല്‍കി. കാന്‍സര്‍ രോഗികള്‍ക്കും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഓരോ കിലോമീറ്ററിനും രണ്ട് രൂപ ഇളവ് ലഭിക്കും. ഐസിയു സംവിധാനമുള്ള എസി ഡി-ലെവല്‍ ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 2500 രൂപയാണ്. 10 കി.മീ കഴിഞ്ഞാല്‍ കിലോമീറ്ററിന് 50 രൂപ വച്ച് ഈടാക്കും.

വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനമുള്ള ആംബുലന്‍സുകള്‍ക്ക് വെയിറ്റിങ് ചാര്‍ജ് മണിക്കൂറിനു 350 രൂപ വച്ച് ഈടാക്കാം. ആശുപത്രിയിലെത്തി ആദ്യമണിക്കൂറിനു ശേഷമുള്ള സമയത്തിനാണ് ഈ വെയിറ്റിങ് ചാര്‍ജ് ഈടാക്കുക. ട്രാവലര്‍ പോലുള്ള വാഹനങ്ങളില്‍ എസിയും ഓക്സിജന്‍ സിലണ്ടറും സജ്ജീകരിച്ചിട്ടുള്ള ആംബുലന്‍സുകളെ സി-ലെവല്‍ ആയാണ് പരിഗണിക്കുന്നത്. ഇതിനു 10 കിലോമീറ്ററിനു മിനിമം ചാര്‍ജ് 1500 രൂപയാണ്. വെയിറ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപ. 10 കിലോമീറ്റര്‍ കഴിഞ്ഞ അധികം ഓടുമ്പോള്‍ കിലോമീറ്ററിന് 40 രൂപ വീതം ഈടാക്കാം.

ട്രാവലര്‍ പോലുള്ള വാഹനങ്ങളിലെ നോണ്‍ എസി ബി-ലെവല്‍ ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 1000 രൂപ. ഇവയ്ക്ക് 200 രൂപയാണ് വെയിറ്റിങ് ചാര്‍ജ്. 10 കി.മീ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം അധികം ഈടാക്കും. ആര്‍ടിഒ അംഗീകാരമുള്ള ചെറിയ ആംബുലന്‍സുകളില്‍ എസി സംവിധാനമുള്ളവയ്ക്ക് 800 രൂപയാണ് മിനിമം ചാര്‍ജ്. കൂടുതലായി വരുന്ന ഓരോ കിലോമീറ്ററിനും 25 രൂപ വീതം അധികമായി വാങ്ങും. വെയിറ്റിങ് ചാര്‍ജ് ഒരു മണിക്കൂറിനു ശേഷം 200 രൂപ. എസി ഇല്ലാത്തവയ്ക്ക് മിനിമം ചാര്‍ജ് 600 രൂപയും വെയിറ്റിങ് ചാര്‍ജ് 150 രൂപയും കിലോമീറ്ററിന് 20 രൂപയുമായിരിക്കും നിരക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories