Share this Article
image
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ? വിവാദം കത്തുന്നു
Tirupati Laddu

വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായ ലഡ്ഡു ഉണ്ടാക്കിയത് മൃഗക്കൊഴുപ്പ് ഉപയോഗിച്ചാണെന്ന് തെളിയിക്കുന്ന ലാബ് റിപ്പോര്‍ട്ട് പുറത്ത്.

ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. തിരുപ്പതി ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

അമരാവതിയില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെയായിരുന്നു ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ വിവാദ പരാമര്‍ശം.

മുന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ കാലത്ത് പ്രശസ്തമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമര്‍ശം.

ലഡ്ഡു ഉണ്ടാക്കാന്‍ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും  വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാല്‍ നിലവില്‍ യുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്നാണ് വൈഎസ്ആര്‍സിപി അധ്യക്ഷന്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി കുറ്റപ്പെടുത്തിയത്.

നായിഡുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിനെ തള്ളികളയുകയാണെന്നും പറഞ്ഞ് വൈഎസ്ആര്‍സിപി ജനറല്‍ സെക്രട്ടറി വൈ.വി സുബ്ബ റെഡ്ഡിയും രംഗത്തെത്തിയിരുന്നു.

അതേസമയം വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപണം തള്ളിയതിനു പിന്നാലെയാണ് പ്രസാദത്തില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിനു കീഴിലുള്ള സെന്റര്‍ ഒഫ് അനാലിസിസ് ആന്‍ഡ് ലേണിങ് ഇന്‍ ലൈവ് സ്റ്റോക്ക് ആന്‍ഡ് ഫുഡിന്റെ ജൂലൈയിലെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്.

തിരുപ്പതി ക്ഷേത്രത്തില്‍ പ്രസാദമായ ലഡ്ഡുവുണ്ടാക്കാന്‍ ഉപയോഗിച്ച നെയ്യില്‍ മീനെണ്ണ, ബീഫില്‍ നിന്നും പന്നിമാംസത്തില്‍ നിന്നുമുള്ള കൊഴുപ്പ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories