കൊച്ചി:ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ. സുധാകരന്‍.ആവശ്യമെങ്കില്‍ അധ്യക്ഷ പദത്തിൽ നിന്ന് മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ്. അന്വേഷണം നേരിടും, ഭയമില്ല നൂറു ശതമാനം നിരപരാധിയെന്ന വിശ്വാസമുണ്ട്. കോടതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കെ സുധാകരനെതിരെയുള്ളത് കെട്ടിച്ചമച്ച തെളിവുകളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ മാറിയപ്പോഴാണ് കെ സുധാകരന്‍ പ്രതിയായത്. ആര് മൊഴികൊടുത്താലും കേസെടുക്കുമെന്ന നിലപാടാണെങ്കില്‍ സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ കേസെടുക്കുമോയെന്നും സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രിയും കൂട്ടരും അഴിമതിയുടെ ചെളിക്കുണ്ടിലാണ്. അത് മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടികള്‍. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധാകരന്‍ മാറിനില്‍ക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും , സുധാകരന്‍ ആ സ്ഥാനത്ത് തുടരുമെന്നും സതീശന്‍ വ്യക്തമാക്കി.
കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കുകയാണ് . ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. വിഷയത്തിൽ നേതാക്കളുടെ പ്രതികരണങ്ങളും ഇന്നുണ്ടാവും. പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയിൽ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചിരുന്നു.