മലപ്പുറം: പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ്. റെയില്‍വേ ഇക്കാര്യം അറിയിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും ആദ്യത്തെ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും എംപി അറിയിച്ചു.
കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ രണ്ടാം വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് കാസര്‍കോടേക്ക് എത്താന്‍ ഏഴര മണിക്കൂറാണ് എടുത്തത്.
വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസര്‍കോട് എത്തിച്ചേര്‍ന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ ട്രെയിന്‍ തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ റണ്‍ ആരംഭിച്ചു. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സര്‍വീസ്.
ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും.