ന്യുഡൽഹി: ലുലു ഗ്രൂപ്പിനും ചെയര്‍മാന്‍ എം.എ യൂസഫലിക്കുമെതിരെ പ്രസിദ്ധീകരിച്ച എല്ലാ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളും നീക്കാന്‍ മറുനാടന്‍ മലയാളിക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. നീക്കം ചെയ്യാന്‍ 24 മണിക്കൂര്‍ സമയമാണ് കോടതി അനുവദിച്ചത്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ചെയ്തില്ലെങ്കില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ ചാനല്‍ നിര്‍ത്തിവെയ്ക്കാന്‍ ഗുഗിളിനും യൂട്യൂബിനും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച് മറുനാടന്‍ മലയാളിക്ക് സമന്‍സയച്ചു.
തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീര്‍ത്തികരവും സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മറുനാടന്‍ മലയാളിയെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും വിലക്കിയിട്ടുമുണ്ട്. വിവിധ കോടതികള്‍ വിലക്കിയിട്ടും ചാനല്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുവെന്ന് യൂസഫലിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപിച്ചു.
എന്നാല്‍ ഡല്‍ഹി ഹൈക്കോടതിക്ക് ഹര്‍ജി പരിഗണിക്കാന്‍ നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു മറുനാടന്‍ മലയാളിയുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ചന്ദ്രധാരി സിംഗിന്റെ ഉത്തരവ്.