ഹാഥ്രസ് ദുരന്തത്തില്‍ ഭോലെ ബാബയുടെ അനുയായികളായ ആറുപേര്‍ അറസ്റ്റിലായി. അപകടത്തില്‍ മരിച്ച 121 പേരെയും തിരിച്ചറിഞ്ഞതായി യുപി സര്‍ക്കാര്‍ അറിയിച്ചു.
വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ അനുയായികളായ ആറുപേരാണ് അറസ്റ്റിലായത്. മതചടങ്ങിന്റെ സംഘാടകരായ രണ്ട് സ്ത്രീകളും നാല് പുരുഷന്മാരുമാണ് അറസ്റ്റിലായിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ മുഖ്യ അനുയായിയും സംഘാടകനുമായ പ്രകാശ് മധുകറിനായി തെരച്ചില്‍ നടത്തുകയാണ്.
ഇയാളെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം നൽകുമെന്ന് അലിഗഡ് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു. 121 പേരാണ് ദുരന്തത്തില്‍ മരിച്ചതെന്നും അലിഗഡ് കമ്മീഷണര്‍ സ്ഥിരീകരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതായും ഐജി അറിയിച്ചു. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ഭോലെ ബാബ എവിടെയാണെന്നതില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.
എന്നാല്‍ അന്വേഷണവുമായി സഹകരിക്കുമെന്നാണ് ഭോലെ ബാബയുടെ അഭിഭാഷകര്‍ അറിയിച്ചത്. മെയിന്‍പുരി ജില്ലയിലുള്ള ഭോലെ ബാബയുടെ രാം കുടിര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ യുപി പൊലീസ് പരിശോധന നടത്തിയിരുന്നു. ഭോലെ ബാബയുടെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും സത് സംഗില്‍ അനുമതി നേടിയത് ബാബയുടെ പേരിലായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
ദുരന്തത്തിന് പിന്നാലെ വലിയ ജനരോക്ഷമാണ് ഭോലെ ബാബയ്‌ക്കെതിരെ ഉയരുന്നത്. ഭോലെ ബാബയുടെ കാലടി പതിഞ്ഞ മണ്ണ് ശേഖരിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തം ഉണ്ടായതെന്നും ആരോപണമുയരുന്നുണ്ട്. ദുരന്തമുണ്ടായി രണ്ട് ദിവസം പിന്നിട്ടിട്ടും ഭോലെ ബാബ എവിടെയെന്ന് സൂചന ലഭിച്ചിട്ടില്ല. എഫ്‌ഐആറിലും ബാബയുടെ പേരില്ലായിരുന്നു.