ആഴ്ചയിൽ ഒരു ദിവസം കാത്തിരിപ്പാണ്, പ്രിയപ്പെട്ടവരുടെ വിശേഷങ്ങളറിയാൻ.. ഉമ്മറത്തൂടെ കാക്കി ഡ്രസ്സും ഇട്ട് സൈക്കിളോടിച്ചുപോവുന്ന പോസ്റ്റ് മാനോട് ചുമ്മാതെങ്കിലും ചോദിക്കും ചേട്ടാ ഇന്ന് കത്തുകളെന്തേലും ഉണ്ടോ, എന്ന്, കത്തുണ്ടെങ്കിൽ സങ്കടങ്ങളും,പരിഭവവും, പരാതികളുമെല്ലാം ആവോളമുള്ള അക്ഷരങ്ങളിലൂടെ അവരുടെ എല്ലാ കാര്യങ്ങളും നമ്മളറിയുന്നുണ്ടല്ലോ എന്ന ആശ്വാസം.
ഇത്തരം ഓർമ്മകൾ നമുക്കില്ലെങ്കിലും നമ്മുടെ അച്ഛനമ്മമാർക്ക് സുപരിചിതമായ ഒരു കാലം ഇവിടെയുണ്ടായിരുന്നു.തുകൽ സഞ്ചിയിൽ കത്തുകൾ നിറച്ച് വീടുവീടാന്തരം കയറിയിറങ്ങുന്ന അഞ്ചലോട്ടക്കാരനിൽ നിന്നും വിരൽത്തുമ്പത്ത് വിശേഷങ്ങളറിയുന്ന നവമാധ്യമങ്ങൾ വരെ നമ്മളെത്തിനിൽക്കുമ്പോൾ പണ്ടത്തെ തപാൽ പെട്ടിക്കും ഇൻലാൻഡിനുമൊക്കെ ഇത്തിരിയധികം പ്രൗഡിയും അലങ്കാരവും കുറഞ്ഞെന്നുതന്നെ പറയേണ്ടിവരും.
എഴുത്തുകളിലൂടെയുള്ള വിവരന്വേഷണം മൊബൈൽ ഫോണുകളിലേക്കും പിന്നീട് വാട്സ്ആപ്പ്,ഫേസ്ബുക്, ജി-മെയിൽ സംവിധാനങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടതും കൊറോണ കാലത്തെ ഡിജിറ്റലൈസേഷനുമെല്ലാം ഇന്നത്തെ പൊതുസംവിധാനങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയെന്ന് പറയാം.
"ആശയവിനിമയം പ്രാപ്തമാക്കുകയും രാജ്യങ്ങളിലുടനീളമുള്ള ആളുകളെ ശാക്തീകരിക്കുകയും ചെയ്തതിൻ്റെ 150 വർഷങ്ങൾ "എന്ന് രേഖപ്പെടുത്തി ഈ വർഷത്തെ ലോക തപാൽ ദിനം നമ്മളാഘോഷിക്കുമ്പോൾ ഒന്നര പതിറ്റാണ്ടിന്റെ ചരിത്രം കൂടി പറയേണ്ടിവരും.
കത്തിനുമുണ്ടൊരു "ചരിത്രം"
1777-ൽ കൽക്കട്ടയിൽ ആദ്യമായി ഇന്ത്യൻ തപാൽവകുപ്പ് നിലവിൽ വന്നു.1848 വരെ രാജാക്കന്മാർ മാത്രം ഉപയോഗിച്ചിരുന്ന തപാൽ സംവിധാനം, രാജ്യം സ്വാതന്ത്രമായതോടെ നാട്ടുരാജ്യങ്ങളിലും ഉപയോഗ്യമായി.
കേരളത്തിലെ ആദ്യ തപാൽ ഓഫീസ് 1857-ലാണ് സ്ഥാപിക്കുന്നത്.അത് ആലപ്പുഴയിലാണ്.
1898 - ലാണ് ഇന്ത്യൻ തപാൽ നിയമം നിലവിൽ വരുന്നത്.ഇൻലാൻഡുകൾ, കവറുകൾ, തപാൽ മുദ്രകൾ എന്നിവയുടെ മൂല്യം നിശ്ചയിക്കുന്നതും അച്ചടിച്ച് വിതരണം ചെയ്യുന്നതും കേന്ദ്ര സർക്കാരാണ്.
1947-നവംബർ 21-ന് ദേശീയ പതാകയുടെ ചിത്രമുള്ള,സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറങ്ങി. പിന്നീട് ഒരുപാട് മഹാന്മാരും സ്റ്റാമ്പിൽ ഇടം നേടിയെന്നത് ശ്രദ്ധേയം.
തപാൽ സംവിധാനത്തിന്റെ കൃത്യത ഉറപ്പാക്കാൻ ഇന്ത്യൻ തപാൽ വകുപ്പ് ആറക്ക നമ്പറുള്ള പിൻകോഡ് സംവിധാനം ഏർപ്പെടുത്തി.പതിനേഴാം നൂറ്റാണ്ടിൽ പാരീസിലാണ് തപാൽ പെട്ടി ആരംഭിച്ചത്.ചരിത്രത്തിന്റെ താളുകളിൽ തപാൽ പെട്ടികളെ ഒരിക്കലും മാറ്റിനിർത്താനാവില്ലപല രാജ്യങ്ങളിലും പെട്ടികളുടെ നിറം പലതാണെങ്കിലും ഇന്ത്യയടക്കമുള്ള മുൻ ബ്രിട്ടീഷ് കോളനികളിൽ ചുവപ്പുനിറമാണ് ഉപയോഗിച്ചിരുന്നത്.ബ്രിട്ടീഷുകാർ ഇന്ത്യവിട്ടുപോയിട്ട് പതിറ്റാണ്ടുകളായി, എന്നിട്ടും ഇവിടെയിന്നും ആ രീതിത്തന്നെയാണ് പാലിച്ചുപോരുന്നത്.
ഇന്ന് പലയിടത്തും നിറം മങ്ങി,തുരുമ്പെടുത്തുകിടക്കുന്ന ഇരുമ്പുപെട്ടിക്ക് തുല്യമാണ് തപാൽ പെട്ടികളെങ്കിലും പഴമക്കാർക്കത് ഒരുകാലത്ത് കേരളത്തെ ഒരുപാട് സ്വാദീനിച്ച കാത്തുകളുടെ ഉറവിടമാണ്. തപാൽ ചരിത്രത്തിൽ വ്യക്തികളുടെ സ്വാദീനവും എടുത്തുപറയേണ്ടതുതന്നെ,അത്തരത്തിൽ ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയ വ്യക്തിത്വമാണ് കേരളത്തിലെ ആദ്യ തപാൽ വനിത എന്നറിയപ്പെടുന്ന മുഹമ്മതോട്ടുമുക്കത്തിൽ ആനന്ദവല്ലി.തപാൽ ഓഫീസിലെ പോസ്റ്റുമാന്റെ സഹായിയായി 1967-ലാണ് അവർ ജോലിക്ക് കയറിയത്.അദ്ദേഹം എത്തിച്ചുകൊടുക്കുന്ന കത്തുകൾ അതാതു പ്രദേശത്തെ വീടുകളിൽ എത്തിച്ചുകൊടുക്കുന്നതായിരുന്നു അവരുടെ ജോലി.
എന്നാൽ ബി. കോം പാസായ താൻ എന്തിന് ഈ ജോലിക്ക് പോകുന്നുവെന്ന നാട്ടുകാരുടെ ചോദ്യം സഹികെട്ട് അവർ രാജിവക്കുകയും,ഇതറിഞ്ഞ് മേലധികാരി രാജിക്കത്ത് കീറി ചവറ്റുകുട്ടയിലിടുകയും ചെയ്തു.
തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തപാൽ വിതരണ പരീക്ഷ പാസ്സായി അവർ കേരളത്തിലെ ആദ്യ തപാൽ വനിതയായി.
മാറ്റത്തിന്റെ തപാൽ രീതികൾ :
"ഇപ്പഴൊക്കെ കത്തുകൾ വരുന്നത് വളരെ കുറവാണ്, പാൻകാർഡ്,ആധാർ കാർഡ്, കോടതി നോട്ടീസുകൾ തുടങ്ങിയ ഗവണ്മെന്റ് സംവിധാനങ്ങളാണ് പോസ്റ്റ് ഓഫീസ് വഴി നടക്കുന്നത്.
എന്നാൽ ഇങ്ങനെയൊക്കെ ആണെങ്കിലും പോസ്റ്റ് ഓഫീസുകൾ ഇപ്പോൾ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. അങ്ങനെ വന്നപ്പോ പണി കുറവാണ് എന്നാണ് പൊതുവേ ആളുകൾ ചിന്തിക്കുന്നത്,എന്നാൽ അങ്ങനെയല്ല. "
തിരുവേഗപ്പുറ പോസ്റ്റ്‌മാൻ സിദ്ദിഖ് പറയുന്നു:
സമീപ വർഷങ്ങളിലെ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം പല തപാൽ സേവനങ്ങളും ഡിജിറ്റൽ നവീകരണം സ്വീകരിച്ചിട്ടുണ്ട്.ഓട്ടോമേറ്റഡ് സോർട്ടിംഗ് സിസ്റ്റങ്ങൾ,ട്രാക്കിംഗ്, ഡെലിവറി അറിയിപ്പുകൾ എന്നിവയെല്ലാം അതിന്റെയൊരു ഭാഗം മാത്രം.ഇതെല്ലാം ആധുനിക തപാൽ സേവനങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.കൂടാതെ ഇ-കോമേഴ്‌സിന്റെ ഉയർച്ച പാർസൽ ഡെലിവറിയിൽ കുതിച്ചുചാട്ടമാണ് ഉണ്ടാക്കിയത്. ഇത്തരം സേവനങ്ങളുമായി പൊരുത്തപ്പെടാൻ തപാൽ സംവിധാനങ്ങളും നിർബന്ധിതമാവുന്നു.
ചില രാജ്യങ്ങളിൽ , തപാൽ ഓർഗനൈസേഷനുകൾ ലോജിസ്റ്റിക് കമ്പനികളുമായി സഹകരിക്കുകയും സാധനങ്ങൾ വിശ്വസനീയമായ ഡെലിവറി ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തിലുള്ള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തപാൽ ഓഫീസുകളുടെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്.
കത്തെഴുതുക എന്നത് മനുഷ്യന്റെ മാറിവന്ന സാമൂഹിക രീതികൾക്ക് അന്യം നിൽക്കുന്ന ശീലമാണെങ്കിലും, പോസ്റ്റോഫീസുമായുള്ള ബന്ധം മനുഷ്യന് ഒഴിവാക്കാൻ കഴിയാത്തതും ഇന്നും നിലനിൽക്കുന്നതും തന്നെ.ഉദാഹരണമായി പറയാം, ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ 23,344 പോസ്റ്റ്‌ഓഫീസുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് ഒന്നരലക്ഷമായി വർധിച്ചിട്ടുണ്ട്.
ആകാശവാണിയുടെ "ഓർമ്മക്കത്തുകൾ" :
"ഇന്നത്തെ സമൂഹം" എന്നാൽ നവമാധ്യമലോകത്ത് ഹാഷ് ടാഗുകളിലും, ട്രെൻഡിംഗ് ഫീടുകളിലും ജീവിക്കുന്നവർ എന്ന വിശേഷണവുംകൂടെ കൊടുക്കുന്നരീതി പൊതുവെ കണ്ടുവരുന്നുണ്ട്. വലിയ തോതിൽ ഇ-ബുക്കുകളും, ഇ-മാഗസിനും ലഭ്യമാകുന്ന,ലോകം മുഴുവൻ വിരൽത്തുമ്പിലുള്ള കാലഘട്ടത്തിൽ അത്തരമൊരു ചിന്ത സ്വാഭാവികമെന്നുതന്നെ കണക്കാക്കാം. എന്നാൽ ഇന്നും കത്തുകൾ എഴുതുന്നവരില്ലെന്ന് പറയുന്നത് ശരിയല്ല. കാരണം എഴുത്തുകൾക്ക് മറുപടി പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് രസമാണെന്ന് തെളിയിച്ച റെസ്ബിൻ അബ്ബാസിനെ ആരും മറന്നിട്ടുണ്ടാവില്ല.എഴുത്തുകളിലൂടെ മാത്രം 43 രാജ്യങ്ങളിൽ സുഹൃത്തുക്കളെ നേടിയെടുത്ത റെസ്ബിന്റെ വാർത്ത കുറച്ചുവർഷങ്ങൾക്ക് മുൻപ് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. എഴുതാൻ ഇഷ്ടപ്പെടുന്നവർ ചുറ്റുമുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിനൊരുദാഹരണമാണ് ആകാശവാണിയുടെ "ഓർമ്മചിന്ത് "
"ഇപ്പോഴും ഒരുപാടുപേര് കാത്തുകളയാക്കാറുണ്ട് അവരുടെ ഓർമ്മകളെ കുറിച്ചൊക്കെ രസായിട്ട് എഴുതും, ബാല്യകാലത്തെ കുറിച്ചോ, സ്കൂൾ ഓർമകളോ....ഒക്കെ അതില് ഉണ്ടാവാറുണ്ട്."
ആകാശവാണിയുടെ സ്റ്റാഫ് അനൗൺസറായ പ്രീതി ജോസഫ് പറയുന്നു.
ആളുകൾക്ക് ഇന്നും കത്തുകളെഴുതാൻ ഇഷ്‌ടമാണ്, അതിലേറെയും പ്രായം ഉള്ളവരാണ്.
കത്തുകളിൽ പലപ്പോഴും നമ്മുടെ ഓർമ്മകളെ മനോഹരമായി എഴുതാൻ സാധിക്കുമെന്നൊക്കെയാണ് പ്രീതി ചേച്ചിയുടെ അഭിപ്രായം.കാലത്തിനനുസരിച്ച മാറ്റം എല്ലാ മേഖലകളിലും അനിവാര്യമാണ്. "നാടോടുമ്പോൾ നടുവേ ഓടണം" എന്ന് പറയുന്നതും അതുകൊണ്ടുതന്നെ. എന്നാൽ ഒരു മാറ്റവും ഒന്നിനെയും പൂർണമായി നശിപ്പിക്കുന്നില്ല. പുതിയ രീതികളും സാമൂഹിക ഘടനകളുമെല്ലാം മാറുന്നുണ്ടെങ്കിലും വർധിച്ചുവരുന്ന ഡിജിറ്റൽ ലോകത്ത് 150 വർഷങ്ങൾക്കിപ്പുറവും തപാൽ സംവിധാനം ലൈഫ് ലൈനായി തുടരുന്നു എന്നത് അതുകൊണ്ടുതന്നെ.