Share this Article
"വലിയ വിലയില്ല, സാധാരണക്കാരി, ചെക്ക് എഴുതൂ'; മരിച്ച വിദ്യാർത്ഥിനിയെ പരിഹസിച്ച് യുഎസ് പൊലീസ്; പ്രതിഷേധം അറിയിച്ച് ഇന്ത്യ
വെബ് ടീം
posted on 14-09-2023
1 min read
INDIA SEEKS PROBE ON US COPS REMARKS AFTER INDIAN STUDENT ACCIDENT DEATH

ന്യൂഡല്‍ഹി:അതിവേഗത്തിലെത്തിയ പൊലീസ് കാര്‍ ഇടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ പൊലീസുകാരന്‍ കളിയാക്കിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് ഇന്ത്യ. അമേരിക്കയിലെ സിയാറ്റിലില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ച് മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് യുഎസ് പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹാസച്ചിരിയാടെ അധിക്ഷേപിച്ചത്. ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ, സംഭവം വിവാദമാകുകയായിരുന്നു.

ജാഹ്നവി വാഹനാപകടത്തില്‍ മരിക്കുന്നത് ഈ വർഷം ജനുവരിയിലാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ കെവിന്‍ ഡവെയുടെ ഔദ്യോഗിക വാഹനമിടിച്ചാണ് അപകടം ഉണ്ടായത്.120 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞെത്തിയ വാഹനം ജാഹ്നവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാലയുടെ സിയാറ്റില്‍ ക്യാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജാഹ്നവി.

സിയാറ്റില്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വീഡിയോ പുറത്തുവന്നത് തിങ്കളാഴ്ചയാണ് . അപകടത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ പരിഹാസച്ചിരിയോടെ അധിക്ഷേപിച്ചതാണ് വിവാദമായത്.  സിയാറ്റില്‍ പൊലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് ഡാനിയല്‍ ഓഡറര്‍, ഗില്‍ഡിന്റെ പ്രസിഡന്റിനോട് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമര്‍ശം ഉദ്യോഗസ്ഥന്‍ നടത്തിയത്. 'അവള്‍ മരിച്ചു, സാധാരണക്കാരിയാണ്, ഒരു ചെക്ക് എഴുതൂ. പതിനൊന്നായിരം ഡോളര്‍. അവള്‍ക്ക് 26 വയസ്സായിരുന്നു, അവളുടെ ജീവന് വലിയ വിലയില്ല'- തമാശമട്ടില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ജാഹ്നവി മരിച്ച വിഷയം കൈകാര്യം ചെയ്ത രീതിയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. 

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലെത്തിയ വാഹനമാണു ജാഹ്നവിയെ ഇടിച്ചുവീഴ്ത്തിയത്. എന്നാല്‍, ഇതു മറച്ചുവയ്ക്കാനും ഓഡറേര്‍ ശ്രമിക്കുന്നുണ്ട്. 50 കിലോമീറ്ററായിരുന്നു പൊലീസ് വാഹനത്തിനു വേഗമെന്നും അത് അനുവദനീയമെന്നും പറയുന്ന ഉദ്യോഗസ്ഥന്‍ ജാഹ്നവി 40 അടി ദൂരേക്കു പോലും തെറിച്ചു വീണില്ലെന്നു വാദിക്കുന്നു. എന്നാലും മരിച്ചെന്നു പറയുമ്പോഴും നിര്‍ത്താതെ ചിരിക്കുന്നുണ്ട്. മറുവശത്തു നിന്നുള്ള പ്രതികരണം ലഭ്യമല്ല. സോളനുമായി താന്‍ സംസാരിച്ചതായി ഓഡറേര്‍ സമ്മതിച്ചു. എന്നാല്‍, അത് ഔദ്യോഗികമായ സംസാരമായിരുന്നെന്നും ഇയാള്‍ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories