വീണാ വിജയൻ്റെ ഐടി കമ്പനിയായ എക്‌സാലോജിക്കിൻ്റെ വിദേശ അക്കൗണ്ടിലെ ഇsപാടുകളിൽ അന്വേഷണം വേണമെന്ന ഉപഹർജി ഹൈക്കോടതി തീർപ്പാക്കി. കമ്പനിക്കെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്. ആദ്യ ഹർജിയിലെ അന്വേഷണം പൂർത്തിയായാലേ ഉപഹർജിയിലെ ആവശ്യത്തിന് പ്രസക്തിയുള്ളൂ എന്നും ജസ്റ്റീസ് ടി ആർ രവി വ്യക്തമാക്കി.
എക്സാലോജിക്കിനെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഷോൺ ജോർജ്ജിൻ്റെ ഹർജി തീർപ്പാക്കിയത്.
ആവശ്യമെങ്കിൽ ഹർജിക്കാരന് കോടതിയെ വീണ്ടും സമീപിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി. വീണാ വിജയന് ദുബായ് കൊമേഴ്സ്യൽ ബാങ്കിൽ അക്കൗണ്ടുണ്ടെന്നും എസ്എന്‍സി ലാവ്‌ലിന്‍, പി.ഡബ്ല്യു.സി അടക്കമുള്ള കമ്പനികള്‍ ഈ അക്കൗണ്ടിലേക്ക് പണം നല്‍കിയെന്നുമാണ് ഷോൺ ജോർജിൻ്റെ ആരോപണം.
ഇക്കാര്യത്തിൽ SFiO അന്വേഷണം വേണമെന്നാണ് ഉപഹർജിയിലെ ആവശ്യം. എക്സാലോജിക്കിനെതിരെ ഷോൺ നൽകിയ ഹർജിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടിയിലാണ് വീണ്ടും ഉപഹർജി നൽകിയത്. അതേ സമയം, തങ്ങൾക്കെതിരെ നടക്കുന്നഅന്വേഷണം റദ്ദാക്കണമെന്ന KSIDC യുടെ ഹർജി കോടതി ജൂലൈയിൽ പരിഗണിക്കാനായിമാറ്റി.