Share this Article
കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം, മരിച്ചത് കോട്ടയം സ്വദേശികള്‍; ആത്മഹത്യയെന്ന് സംശയം
വെബ് ടീം
posted on 16-05-2024
1 min read
three-men-from-a-family-found-died-in-a-car

കമ്പം: തമിഴ്നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ മലയാളികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞിരത്തുംമൂട് സ്വദേശികളായ ജോര്‍ജ് പി സ്‌കറിയ( 60), ഭാര്യ മേഴ്‌സി (58), മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് സൂചന.

കമ്പം-കമ്പംമേട് റോഡില്‍ നിന്ന് മാറി ഒരു തോട്ടത്തിന് അകത്ത് പാര്‍ക്ക് ചെയ്ത ഹ്യുണ്ടെ ഗ്രാന്റ് ഐ10 കാറിനകത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോട്ടയം രജിസ്‌ട്രേഷനിലുള്ള (കെഎല്‍ 05 എയു 9192)വാഹനമാണിത്. അഖിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. മൂവരെയും കാണാനില്ലെന്ന് കാണിച്ച് വാകത്താനം പൊലീസില്‍ രണ്ടു ദിവസം മുന്‍പ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

തമിഴ്നാട് പൊലീസിന്റെ ഫൊറന്‍സിക് സംഘം സ്ഥലത്തെത്തിയ ശേഷം കാര്‍ തുറന്ന് പരിശോധിച്ചു. കാറിനകത്ത് നിന്ന് കീടനാശിനിയുടെ കുപ്പി ലഭിച്ചിട്ടുണ്ട്. ഇതോടെ മൂവരും ആത്മഹത്യ ചെയ്തതാകാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ. തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories