നടിയും ബിജെപി നേതാവുമായ വിജയശാന്തി ബിജെപി വിട്ടു. വീണ്ടും കോൺഗ്രസിൽ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലികളിൽ വച്ച് നടി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷത്തെ തുടർന്നാണ് വിജയശാന്തി ബിജെപിയിൽ നിന്ന് രാജിവച്ചത്.
2009-ൽ ടിആർഎസിൽ നിന്ന് വിജയശാന്തി എംപിയായിരുന്നു. 2014-ൽ കോൺഗ്രസിലെത്തിയ വിജയശാന്തി 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നാണ് ബിജെപിയിലെത്തിയത്. ഈയിടെ മുൻ എം.പി വിവേക് വെങ്കട്ട്സ്വാമി, മുൻ എംഎൽഎ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി എന്നിവരും ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു.