Share this Article
ന്യൂനമർദ്ദം രൂപപ്പെട്ടു, ഇന്ന് ശക്തമായ മഴയെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല
വെബ് ടീം
posted on 17-10-2023
1 min read
RAIN WARNING

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദമായി (Low Pressure) മാറി. അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും, (Well Marked Low Pressure) തുടർന്ന് ഒക്ടോബർ 21ഓടെ വീണ്ടും ശക്തി പ്രാപിച്ചു  മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ഈ ചക്രവാതചുഴി ഒക്ടോബർ 20 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത്  അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു  മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇന്ന് (ഒക്ടോബർ 18) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ്  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഴ പെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും യെല്ലോ, ഓറഞ്ച് അലെര്‍ട്ടുകളൊന്നും സംസ്ഥാനത്തെ ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരത്ത് നഗര - ഗ്രാമീണ മലയോര മേഖലകളിൽ ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. നഗരത്തിൽ ഒരു മണിക്കൂറിലേറെ തുടര്‍ച്ചയായി മഴ പെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories