പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗിന്റെ ഒമ്പതാമത് ഗവേണിങ് കൗണ്‍സിലിങ് യോഗം ഇന്ന് ചേരും. ബജറ്റിലെ അവഗണനകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ ചേരുന്നു നീതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ബജറ്റിലെ അവഗനകള്‍ ചൂണ്ടിക്കാട്ടിയാണ് യോഗം ബഹിഷ്‌കരിക്കുന്നത്.
യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. പകരം കേരളത്തില്‍ നിന്നുള്ള പ്രതിനിധിയായി മന്ത്രി കെഎന്‍ ബാലഗോപാല്‍ പങ്കെടുക്കുമെന്നാണ് വിവരം.
പിണറായി വിജയന് പുറമെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരെല്ലാം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ ഇന്ത്യ മുന്നണിയുടെ പ്രതിനിധി ആയാണ് താന്‍ പങ്കെടുക്കുന്നതെന്ന് മമത പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയം യോഗത്തില്‍ ഉന്നയിക്കുമെന്നും സംസാരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും മമത ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന് ശക്തിയില്ലെന്നും അത് ഇല്ലാതാക്കി ആസൂത്രണ കമ്മീഷനെ നിയമിക്കണമെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി. ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള 'വികസിത ഭാരതം @ 2047' രേഖയും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.