രാജ്യത്തിൻറെ അഭിമാന ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണം വിജയകരം. ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. വിക്ഷേപിച്ച് 22-)0 മിനിറ്റിലാണ് ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്.
ചന്ദ്രയാന്‍ പേടകവും വഹിച്ച് എല്‍.വി.എം ത്രീ റോക്കറ്റാണ് രാജ്യത്തിന്റെ അഭിമാനത്തോടൊപ്പം കുതിച്ചുയര്‍ന്നത്.ഖര ഇന്ധനം ഉപയോഗിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. 108.1 സെക്കൻഡിൽ, ഏകദേശം 44 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ദ്രാവക എൻജിൻ പ്രവർത്തനം ആരംഭിച്ചു. 127 സെക്കൻഡിൽ, റോക്കറ്റ് 62 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോൾ ഖര ഇന്ധന എൻജിനുകൾ വേർപെട്ടു. തുടര്‍ർന്ന് 114 കിലോമീറ്റർ ഉയരത്തിൽ എത്തിയപ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളിനെ സുരക്ഷിതമാക്കാൻ ഘടിപ്പിച്ചിരിക്കുന്ന താപകവചങ്ങൾ വേർപെട്ടു. തുടർന്ന് 305 സെക്കൻഡ് (175 കിലോമീറ്റർ ഉയരം) കഴിഞ്ഞപ്പോൾ ദ്രാവക എൻജിനുകൾ വേർപെട്ടു. തുടർന്ന് ക്രയോജനിക് എൻജിനുകൾ പ്രവർത്തിച്ചു തുടങ്ങി. തുടർന്ന് ക്രയോജനിക് എൻജിനും പ്രവർത്തനരഹിതമായി.
പിന്നാലെ പ്രൊപ്പൽഷൻ മൊഡ്യൂൾ– ലാൻഡർ സംയുക്തം വേർപെട്ട് ദീർഘവൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തി. ഭൂമിയോടടുത്ത് (പെരിജി) 170 കിലോമീറ്ററും അകലെ (അപ്പോജി) 36,500 കിലോമീറ്ററും ദൂരവ്യത്യാസമുള്ളതാണ് ഈ ഭ്രമണപഥം.
ചാന്ദ്ര രഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. 3,84,000 കിലോമീറ്റര്‍ അകലെ, ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടി വീണ്ടുമൊരു യാത്ര തുടങ്ങുകയാണ്. 24 മണിക്കൂര്‍ നീണ്ടുനിന്ന ലോഞ്ചിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.