നീറ്റ് യുജി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുനപരീക്ഷ നടത്തിയതില്‍ 48 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് എത്തിയില്ലെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി.
നീറ്റ് യുജി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ നടത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവരില്‍ 52 ശതമാനം മാത്രമാണ് പരീക്ഷയക്കെത്തിയത്. 1563 വിദ്യാര്‍ത്ഥികളില്‍ 813പേര്‍ പരീക്ഷയ്‌ക്കെത്തിയപ്പോള്‍ 750 പേര്‍ പരീക്ഷയില്‍ നിന്ന് വിട്ടുനിന്നെന്ന് ദേശീയ പരീക്ഷ ഏജന്‍സിയുടെ കണക്കുകളില്‍ പറയുന്നു.
ജൂണ്‍ 23നായിരുന്നു പരീക്ഷ നടത്തിയത്. ജൂണ്‍ 30നകം പരീക്ഷാഫലവും വരും. ഗ്രേസ് മാര്‍ക്ക് നല്‍കിയ സ്‌കോര്‍ കാര്‍ഡ് വിവാദങ്ങള്‍ക്കൊടുവില്‍ എന്‍ടിഎ പിന്‍വലിച്ചിരുന്നു. ഇതോടെ റീ ടെസ്റ്റിന് എത്താത്ത വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് ഗ്രേസ് മാര്‍ക്കില്ലാതെ ലഭിച്ച മാര്‍ക്കായിരിക്കും ലഭിക്കുക. പരീക്ഷ സമയം നഷ്ടപ്പെട്ടെന്ന കാരണത്താലാണ് 1563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമായത്.
720 ല്‍ 720 മാര്‍ക്ക് എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ നേടിയതിലെ അസ്വാഭാവികതയാണ് നീറ്റ് ക്രമക്കേടിന്റെ തുടക്കം. മുന്‍പ് നീറ്റില്‍ ഗ്രേസ് മാര്‍ക്ക് നല്‍കിയത് തെറ്റായ ചോദ്യങ്ങള്‍ക്കായിരുന്നിടത്താണ് ഇത്തവണ പരീക്ഷ സമയമെന്ന വിചിത്രവാദം എന്‍ടിഎയുടെ ഭാഗത്തുനിന്നുണ്ടായത്.
ബീഹാറില്‍ നിന്ന് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയും ഇതിന് പിന്നാലെയുണ്ടായി. നിലവില്‍ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കിയ നീറ്റ് പരീക്ഷ ക്രമക്കേട് വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്.