തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയായി പരസ്പരം പഴി ചാരേണ്ട സന്ദർഭമല്ല ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദുരന്തമുണ്ടായ പ്രദേശത്ത് റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. ഓറഞ്ച് അലർട്ടായിരുന്നു
കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പിലധികം മില്ലിമീറ്റർ മഴ പെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷിക്കാനായത് ഏകോപിതമായതും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമായാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ ദുരന്തഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന്റെ സമീപസ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 പേരെയാണ് മൂന്ന് ക്യാംപുകളിലേക്കമ് മാറ്റിയത്. അതില്‍ 75 പുരുഷന്‍മാര്‍, 88 സ്ത്രീകള്‍ 43 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ 1386 പേരെ തുടര്‍ന്നുള്ള രക്ഷാദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. അതില്‍ 528 പുരുഷന്‍മാര്‍, 559 സത്രീകള്‍, 229 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാംപുകളിലേക്കായി മാറ്റി. ഇതില്‍ 207 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിലവില്‍ 90 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയിലാകെ 82 ക്യാംപുകളിലായി 8017 പേരാണ് ഉള്ളത്. ഇതില്‍ 19 പേര്‍ ഗര്‍ഭിണികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് മുന്‍പ് നമ്മുടെ നാട് അനുഭവിച്ചിട്ടില്ലാത്ത അത്രയും വേദനാജനകമായ കാഴ്ചയാണ് വയനാട്ടിലെ ദുരന്തഭുമിയിലുണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈ രണ്ട് പ്രദേശങ്ങളും പൂര്‍ണമായി ഇല്ലാതായി. ഇതുവരെ 142 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതില്‍ 79 പുരുഷന്‍മാരും 64 സ്ത്രീകളുമാണ്. 191 പേരെ കാണാനില്ലെന്നാണ് ഇതുവരെ കണക്കാക്കിയിട്ടുള്ളത്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പൊതുവെയുള്ള കാര്യങ്ങള്‍ വിലയിരുത്തി. ദുരന്തത്തില്‍ മന്ത്രിസഭാ യോഗം അനുശോചന രേഖപ്പെടുത്തി. ദുരന്തമേഖലയില്‍നിന്നും പരമാവധി ആളുകളെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങള്‍ നല്ലനിലയില്‍ പുരോഗമിക്കുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നു. മാറാന്‍ തയ്യാറാവാത്ത കുടുംബങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ട്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സയും പരിചണവും നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.