മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം.
നാളെ ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ബിജെപി രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്നാരോപിച്ച് സംസ്ഥാന വ്യാവക പ്രചരണം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
അഴിമതി നിരോധന നിയമപ്രകാരം സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇരിക്കുകയാണ്. ഇതിനിടെ സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബംഗളൂരുവിലെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തി.
ഗവര്‍ണറുടേത് ഭരണഘടന വിരുദ്ധ നടപടിയാണെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക ക്യാമ്പയിന്‍ നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സിദ്ധരാമയ്യയ്‌ക്കെതിരെ ഭൂമി ഇടപാടില്‍ തിരിമറി നടത്തിയെന്ന ബിജെപിയുടെയും ജെഡിഎസിന്റെയും ആരോപണത്തില്‍, കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും സിദ്ദരാമയ്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കഴിയില്ലെന്നും സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാര്‍ട്ടി അദ്ദേഹത്തിന് ഒപ്പം നിലകൊളളുമെന്നും ശിവകുമാര്‍ പറഞ്ഞു.
കര്‍ണാടക കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വം പൂര്‍ണമായും തനിക്കൊപ്പം നില്‍ക്കുന്നു എന്ന സമാധാനത്തില്‍കൂടിയാണ് സിദ്ധരാമയ്യ.
അതേസമയം മൈസുരു അര്‍ബന്‍ ഡവലപ്‌മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിക്കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കര്‍ണാടക ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് സിദ്ധരാമയ്യയ്‌ക്കെതിരെയുള്ള അന്വേഷണനടപടികള്‍ തുടരാനുള്ള അനുമതി നല്‍കുന്നത്. അതേസമയം സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളില്‍ നാളെ ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.