തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. പാലക്കാട് തച്ചംപാറ, ഇടുക്കി കരിമണ്ണൂര്‍, തൃശൂര്‍ നാട്ടിക ഗ്രാമപഞ്ചായത്തുകളില്‍ ഭരണം യുഡിഎഫ് പിടിച്ചു.
ഉപതെരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 17 ല്‍ യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും എന്‍ഡിഎ മൂന്നിടത്തും വിജയിച്ചു. പാലക്കാട് തച്ചാംപാറ ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡായ കോഴിയോട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അലി തേക്കത്താണ് വിജയിച്ചത്. തൃശൂര്‍ നാട്ടികയില്‍ 9-ാം വാര്‍ഡില്‍ പി.വിനു 115 വോട്ടുകള്‍ക്കാണ് വിജയം ഉറപ്പിച്ചത്.
ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് പന്നൂര്‍ വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ദിലീപ് കുമാറാണ് വിജയിച്ചത്. അതേസമയം തിരുവനന്തപുരം വെള്ളറട ഗ്രാമപഞ്ചായത്തിലെ കരിക്കാമന്‍കോഡ്,കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരാമാന്‍ ജുമഅ മസ്ജിദ് വാര്‍ഡ് നിലനിര്‍ത്തിയ ബിജെപി പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു. 11 ജില്ലകളിലായി നാല് ബ്ലോക്ക് പഞ്ചായത്തുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്.
മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാര്‍ഡ് സിപിഐഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ ലൈല ജലീല്‍ വിജയിച്ചത്. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് യുഡിഎഫില്‍ നിന്നും സിപിഐഎം പിടിച്ചെടുത്തു.
കണ്ണൂര്‍ ജില്ലയിലെ മാടായി പഞ്ചായത്തിലെ മാടായി എല്‍ഡിഎഫ് നിലനിര്‍ത്തി. 234 വോട്ടുകള്‍ക്കാണ് സിപിഐഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്.