മുറ്റത്തും മട്ടുപ്പാവിലും അലങ്കാര ചെടികൾ നടുവളർത്തുന്നത് ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. പല ചെടികളും പുറമെ നിന്ന് വലിയ വില കൊടുത്ത് വാങ്ങുന്നവയായിരിക്കും. എന്നാൽ നിങ്ങൾ ഒരു ചെടിത്തൈ വാങ്ങാൻ പരമാവധി എത്ര രൂപ ചെലഴിക്കും? കൂടി വന്നാൽ 500 രൂപ. എന്നാൽ നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിനപ്പുറം വിലയുള്ള ഒരു ചെടിയേക്കുറിച്ചാണ് ഇനി പറഞ്ഞ് വരുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മരമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വിലകൂടിയ ഈ മരത്തിന്റെ പേര് ജാപ്പനീസ് വൈറ്റ് പൈൻ ബോൺസായ് ട്രീ എന്നാണ്. ജപ്പാനിലുള്ള ഈ ബോൺസായ് മരം 2011 ലെ ഇന്റർനാഷണൽ ബോൺസായ് കോൺഫറൻസിൽ, ഈ മരം 1.3 ദശലക്ഷം ഡോളറിനാണ് വിറ്റുപോയത്. ഇന്ത്യൻ രൂപയിൽ ഇത് 10 കോടിയിലധികം വരും.
ഈ മരം 'മിയാജിമ' കുള്ളൻ പൈൻ മരത്തിന്റെ വകഭേദമാണ്. ഇതിന് ചെറുതും കൂർത്തതുമായ ഇലകളും ശക്തവും വളഞ്ഞതുമായ തണ്ടുമാണ് ഉള്ളത്. ഏകദേശം 800 വർഷം പ്രായമുണ്ടാകും ഈ മരത്തിന്.
ഒരു ബോൺസായ് മരത്തെ ദീർഘകാലം പരിപാലിച്ച് നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ പ്രായം കൂടിയ ബോൺസായി മരങ്ങൾക്ക് വില കൂടുതലാണ്.