Share this Article
ഇ-സിം സംവിധാനം; മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്
scam alert

ഇ-സിം ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാന്‍ ഉദ്ദേശിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്.

കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്നെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പാണ് പൊലീസ് ജനങ്ങള്‍ക്ക് നല്‍കുന്നത്.

മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളുടെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്നെന്ന വ്യാജേന ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ നിലവിലുള്ള സിം കാര്‍ഡ് ഇ-സിം സംവിധാനത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുന്നു.

മൊബൈല്‍ സേവന ദാതാക്കളുടെ ആപ്പിലോ വെബ്‌സൈറ്റിലോ പ്രവേശിച്ച് 32 അക്ക ഇ-ഐഡി നല്‍കി ഇ-സിം സംവിധാനം ആക്ടിവേറ്റ് ചെയ്യാനാണ് അവര്‍ ആവശ്യപ്പെടുക.

ഇങ്ങനെ ആക്ടിവേറ്റ് ചെയ്യുന്നവരുടെ ഇ-മെയിലിലേക്ക് ലഭിക്കുന്ന ക്യു ആര്‍ കോഡ് തങ്ങള്‍ നല്‍കുന്ന വാട്‌സപ്പ് നമ്പറില്‍ അയച്ചു നല്‍കാനും അവര്‍ നിര്‍ദ്ദേശിക്കുന്നു.

ക്യു ആര്‍ കോഡ് ലഭിക്കുന്ന തട്ടിപ്പുകാര്‍ തന്നെ ഉപഭോക്താക്കളുടെ പേരില്‍ ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ ആ സിം കാര്‍ഡിന്റെ പൂര്‍ണ്ണ നിയന്ത്രണം അവരുടെ കൈകളില്‍ എത്തുകയും നിലവിലുള്ള സിം പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു.

24 മണിക്കൂറിനുള്ളില്‍ മാത്രമേ പുതിയ ഇ-സിം പ്രവര്‍ത്തനക്ഷമം ആവുകയുള്ളൂ എന്ന് തട്ടിപ്പുകാര്‍  അറിയിക്കുന്നു. ഈ സമയപരിധിക്കുള്ളില്‍ ആ മൊബൈല്‍ നമ്പറുമായി ആയി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും നിയന്ത്രണം അവര്‍ ഏറ്റെടുക്കുന്നതോടെ തട്ടിപ്പ് പൂര്‍ണമാകുന്നു.

കസ്റ്റമര്‍ കെയര്‍ സെന്ററുകളില്‍ നിന്ന് എന്ന പേരില്‍ ലഭിക്കുന്ന വ്യാജ ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കുകയാണ് തട്ടിപ്പ് തടയാനുള്ള ആദ്യ മാര്‍ഗംമെന്നും കുറിപ്പില്‍ പറയുന്നു.

വിവിധ സേവനങ്ങള്‍ക്കായി മൊബൈല്‍ സര്‍വീസ് ദാതാക്കളുടെ ഔദ്യോഗിക ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് തന്നെയാണ് ആശ്രയിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

സേവനദാതാക്കള്‍ നല്‍കുന്ന ക്യൂ ആര്‍ കോഡ്, ഓടിപി, പാസ്വേഡ് എന്നിവ ആരുമായും പങ്കുവെയ്ക്കരുത്, നിങ്ങളുടെ സാമ്പത്തികകാര്യങ്ങളും ഇടപാടുകളും ആരുമായും പങ്കുവെയ്ക്കാന്‍ പാടില്ല, നിങ്ങളുടെ എല്ലാത്തരം ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്കും 'ടു സ്റ്റെപ് വെരിഫിക്കേഷന്‍' എന്ന അധിക സുരക്ഷാക്രമീകരണം ഉപയോഗിക്കണം തുടങ്ങിയ സുരക്ഷാമുന്നറിയിപ്പുകളും കേരളപൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories