തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പിപി സുനീര്‍ മത്സരിക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സിപിഐ അസിസ്റ്റ് സെക്രട്ടറിയായ സുനീര്‍ പൊന്നാനി സ്വദേശിയാണ്. ജോസ് കെ മാണി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് രാജ്യസഭാ സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാനുള്ള തീരുമാനമുണ്ടായത്. സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ ഇടതുമുന്നണിക്ക് ലഭിക്കുന്ന രണ്ടു സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസ് (എം) നുമാണ് സിപിഎം വിട്ടു നല്‍കിയത്. ഐക്യകണ്ഠേനയാണ് തീരുമാനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വ്യക്തമാക്കി.
രാജ്യസഭ സീറ്റില്‍ ഈ മാസം 13 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. അതിനാല്‍ വേഗത്തില്‍ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കേണ്ട സ്ഥിതി മുന്നണിക്ക് വന്നു. ഇടതുമുന്നണി നല്ല ഐക്യത്തോടും കെട്ടുറപ്പോടെയും പ്രവര്‍ത്തിക്കുന്നതായതിനാല്‍ വലിയ പ്രശ്നം നേരിടേണ്ടി വന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.