Share this Article
മുഖ്യമന്ത്രി കളമശേരിയിലെത്തി; സ്‌ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്ററും ആശുപത്രിയും സന്ദർശിച്ചു
വെബ് ടീം
posted on 29-10-2023
1 min read
CM AT KALAMESSERY

തിരുവനന്തപുരം:കൺവെൻഷൻ സെന്ററിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ കാണാൻ സർവകക്ഷിയോഗത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ  കളമശേരിയിലെത്തി. സ്‌ഫോടനം നടന്ന കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചതിനു പിന്നാലെ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി കണ്ടു. ഇവിടെ നാലുപേർ ഐസിയുവിൽ ചികിത്സയിലാണ്.

അതേ സമയം  ജീവന്‍ കൊടുത്തും കേരളത്തിന്റെ സമാധാനവും സാഹോദര്യവും നിലനിര്‍ത്തുമെന്ന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തില്‍ പ്രമേയം പാസ്സാക്കി . കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന യോ​ഗത്തിലാണ് പ്രമേയം ഏകകണ്ഠമായി പാസ്സാക്കിയത്.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാമൂഹ്യ സാഹചര്യമാണ് കേരളത്തെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയർക്കുള്ളതെന്ന് പ്രമേയത്തിൽ പറയുന്നു.

കേരളത്തിന്റെ അഭിമാനമായ ഈ പൊതുസാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരുമുണ്ട്. ഇവരുടെ ഒറ്റപ്പെട്ട ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും ഉറപ്പാക്കും.

പരസ്പര വിശ്വാസത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്ത് അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയുമുപയോ​ഗിച്ച് ചെറുത്തുതോൽപ്പിക്കും. ഊഹാപോഹങ്ങളും കെട്ടുകഥകളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്തി ജനസമൂഹത്തെ ചേരിതിരിച്ച് പരസ്പരം അകറ്റാനുള്ള ഏതു ശ്രമത്തെയും മുളയിലേ നുള്ളാനുള്ള തീരുമാനം ഓരോ വ്യക്തിയുടെയും ഭാഗത്ത് നിന്നുണ്ടാകണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.

എല്ലാ ജാതി-മത വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനുള്ള സ്വാതന്ത്ര്യമുള്ള സമൂഹമാണിത്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിലൂന്നി നിൽക്കുന്ന അവകാശസംരക്ഷണം ഉറപ്പുനൽകും. ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്. ഒരു വ്യക്തിയെയും, സമുദായത്തെയും, വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതിയും അനുവദിക്കരുത്. അത്തരം ചിന്തകളുണർത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണെന്ന് മനസ്സിലാക്കണമെന്നും യോഗം വിലയിരുത്തി 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories