തിരുവനന്തപുരം: ഒരാഴ്‌ചയോളം നീണ്ടുനിന്ന കേരളീയം ഇന്ന് സമാപിക്കും. സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശങ്കർമഹാദേവനും, കാർത്തിക്കും അടക്കമുള്ള പ്രമുഖരുടെ സംഗീതനിശ സമാപന സമ്മേളനത്തിൽ അരങ്ങേറും.
സമാപനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സിഎച്ച് നാഗരാജു അറിയിച്ചു. സമാപന സമ്മേളനത്തിൽ പങ്കെടുക്കാനുള്ളവർ മൂന്നരയോടെ പ്രധാനവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെത്തേണ്ടതാണ്.
ആദ്യമെത്തുന്നവർക്ക് ആദ്യം സീറ്റ് എന്ന നിലയിലാണ് സീറ്റുകൾ അനുവദിച്ചിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലേക്കെത്താൻ വിവിധ പാർക്കിങ് സെന്ററുകളിൽ നിന്നും ഓരോ പത്ത് മിനിട്ടിലും കെഎസ്ആർടിസി ഇലക്‌ട്രിക് ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. സമാപന ദിവസത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ ബസുകൾ സർവീസ് നടത്തും.
പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. അതേസമയം കേരളീയം വൻ വിജയമാണെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ അസമയത്തെ ധൂർത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാൽ വിമർശനങ്ങൾക്കൊന്നും സർക്കാർ ചെവികൊടുക്കുന്നില്ല. അടുത്ത കൊല്ലവും കേരളീയ തുടരാനാണ് സർക്കാർ തീരുമാനം.