അല്‍മുറക്കും അല്‍ഫൈസലിനും ഇനി ഭയമില്ലാതെ പുതിയ കൂട്ടുകാരുമായി ഒരുമിച്ച് ആര്‍ത്തുല്ലസിക്കുകയും പഠിക്കുകയും ചെയ്യാം.മക്കള്‍ വേച്ചു വീഴുമെന്ന പേടിയില്ലാതെ തസ്‌നിക്ക് വീട്ടിലേയ്ക്ക് മടങ്ങാം. ഇരുവര്‍ക്കും ഇരുന്ന് പഠിക്കാന്‍ പ്രത്യേകം നിര്‍മ്മിച്ച ചക്രകസേരകളാണ് കരുതലും കൈത്താങ്ങും പദ്ധതിയിലൂടെ ലഭിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും അദാലത്തുകള്‍ അവസാനിച്ചിട്ടും കരുതലാകുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.
മുപ്പത്തടം ചെറുകുളത്തിൽ സി.എച്ച് തസ്നിയുടെ മക്കളായ അൽമിറ അഷ്റഫ്, അൽഫൈസ് അഷ്റഫ് എന്നിവർ ചെറുപ്പം മുതൽ സുഷുമ്‌നാ നാഡികളിലെ നാഡീകോശങ്ങളെ നശിപ്പിക്കുന്ന സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്ന ജനിതക രോഗ ബാധിതരാണ്. കുട്ടികളുടെ ചികിത്സയ്ക്ക് ഉൾപ്പെടെ തസ്നി ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. അതിനിടെയായിരുന്നു രണ്ട് മക്കളേയും ഈ വർഷം മുപ്പത്തടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർത്തത്.
എസ്.എം.എ രോഗികളുടെ പേശികൾക്ക് ബലം നഷ്ടപ്പെടുന്നതിനാൽ നടക്കാനും ഇരിക്കാനും കഴിയില്ല. സ്കൂളിൽ ഇരുന്ന് പഠിക്കാനുള്ള ബുദ്ധിമുട്ട് വലിയൊരു ചോദ്യചിഹ്നമായി ഇവരുടെ മുൻപിലുണ്ടായിരുന്നു. അതിനിടെയാണ് കരുതലും കൈത്താങ്ങും അദാലത്തുകൾ നടക്കുന്ന വിവരം തസ്നിയുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് മെയ് 18ന് നടന്ന ആലുവ താലൂക്ക്തല അദാലത്തിൽ തസ്നി മക്കളുമായി നേരിട്ടെത്തി മന്ത്രിമാരായ പി. പ്രസാദിനെയും പി. രാജീവിനെയും കണ്ട് കുട്ടികൾക്ക് ഇരുന്ന് പഠിക്കാനുള്ള ചക്ര കസേര ലഭ്യമാക്കണമെന്ന ആവശ്യം അറിയിച്ചിരുന്നു. വിഷയത്തിൽ ഇടപെട്ട മന്ത്രിമാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എ.ഡി.എം എസ്.ഷാജഹാന് നിർദ്ദേശം നൽകി.
ജൂൺ ഒന്നിന് പ്രവേശനോത്സവത്തിനിടെ ഇരുവരെയും ക്ലാസിലേക്ക് വരവേറ്റത് വർണാഭമായ ചക്ര കസേരകളായിരുന്നു. മന്ത്രിമാരുടെ നിർദ്ദേശം ലഭിച്ചതിന് പിന്നാലെ ഇതിന് വേണ്ട സ്പോൺസർമാരെ കണ്ടെത്തുന്നതിനുള്ള ചുമതല എ.ഡി.എമ്മിനായിരുന്നു. തുടർന്ന് ഇടപ്പള്ളി ടോൾ ജുമാ മസ്ജിദ് ഭാരവാഹി മുഹമ്മദ് നാസറിനോട് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചു. എ.ഡി.എമ്മിന്റെ ആവശ്യം ഇരു കയ്യും നീട്ടി സ്വീകരിച്ച പള്ളി അധികൃതരാണ് 8000 രൂപ വീതം വില വരുന്ന കസേരകൾ വാങ്ങി നൽകിയത്.
ക്ലാസ് മുറിയിൽ ജനപ്രതിനിധികളുടെയും സ്കൂൾ അധികൃതരുടെയും സാന്നിധ്യത്തിൽ എ.ഡി.എം തന്നെയായിരുന്നു ഇവർക്ക് കസേരകൾ സമ്മാനിച്ചത്. തൃപ്പൂണിത്തുറയിലെ സായി റിഹാബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമായിരുന്നു ഇവർക്ക് വേണ്ട കസേരകൾ നിർമ്മിച്ചത്. കുട്ടികളുടെ അളവ് എടുത്ത് പ്രത്യേകമായാണ് ഇവ നിർമ്മിച്ചത്.
സ്കൂളിൽ റാമ്പ് സൗകര്യം ഉള്ളതിനാൽ ഇരുവർക്കും ക്ലാസിലേക്ക് വരാനും പോകാനും എളുപ്പമാണ്. ആഴ്ചയിൽ രണ്ട് ദിവസമാകും ഇരുവരും സ്കൂളിൽ വരുക. ഒരു ദിവസം അധ്യാപകർ വീട്ടിലെത്തിയാണ് പഠിപ്പിക്കുക.ആദ്യമായി സ്കൂളിലേക്കെത്തുന്ന മക്കൾക്ക് നഴ്സറി പാഠഭാഗങ്ങൾ മുഴുവൻ പകർന്ന് നൽകിയത് തസ്നി തന്നെയായിരുന്നു.