രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക സ്പോർട്സ് ലീഗ് ആരംഭിച്ച് കേരളം. കായിക വകുപ്പുമായി ചേർന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്ന ലീഗിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്പോർട്സ് ക്ലബ് തുടങ്ങും. പദ്ധതിയിലൂടെ മികച്ച കായിക സംസ്കാരം വാർത്തെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
സംസ്ഥാനത്തെ കോളേജുകളിൽ മികച്ച കായിക സംസ്കാരം വാർത്തെടുക്കുക, അടിസ്ഥാനസൗകര്യ വികസനം കൊണ്ടുവരിക തുടങ്ങിയവയാണ് വിദ്യാർഥികൾക്കായി പ്രത്യേകം ഒരുക്കുന്ന സ്പോർട്സ് ലീഗിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആദ്യമായി ആണ് കോളേജ് സ്പോർട്സ് ലീഗ് സംഘടിപ്പിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ, കബഡി എന്നീ ഇനങ്ങളിലാണ് കോളേജ് ലീഗ് ആരംഭിക്കുക. ഭാവിയിൽ കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തും.
സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്നു മുതൽ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുക. സ്പോർട്സ് ക്ലബുകളെ ഏകോപിപ്പിക്കാൻ ജില്ലാതല കമ്മിറ്റികൾ ഉണ്ടാകും.സ്പോർട്സ് ക്ലബുകൾക്ക് ഭാവിയിൽ സ്വന്തം നിലയിൽ വരുമാനമുണ്ടാക്കാൻ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്.
സ്പോർട്സ് എഞ്ചിനീയറിങ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെന്റ് മേഖലകളിൽ ഉണർവ്വും വളർച്ചയും ഇതുവഴി കൈവരിക്കാനാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. പഠനത്തെയോ സർവകലാശാല പരീക്ഷകളെയോ ബാധിക്കാത്ത രീതിയിലാകും സ്പോർട്സ് ലീഗ് നടത്തുക.