സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള ജില്ലകൾക്കാണ് മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും അറബിക്കടലിലെ ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായാണ് നിലവിലെ മഴ.
മഴ തുടരുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്... കൂടാതെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്കും തുടരുന്നു..