തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം,പത്തനംതിട്ട. ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്.
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറന്‍ ഝാര്‍ഖണ്ഡിനും അതിനോട് ചേര്‍ന്ന വടക്കന്‍ ഛത്തിസ്ഗഡിനും മുകളില്‍ ന്യൂനമര്‍ദവും മധ്യ മഹാരാഷ്ട്രയ്ക്ക് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നു. ഈ സാഹചര്യത്തില്‍ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ എന്നിവ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ നിലവിലെ ജലനിരപ്പ് അപകടനിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ അവിടെ ഓറഞ്ച് അലര്‍ട്ടും, കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷന്‍, അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്ര ജല കമ്മീഷന്‍ പ്രഖ്യാപിച്ചു. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.