Share this Article
കുട്ടി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്ക്ക് കാൽ ലക്ഷം രൂപ പിഴ; അച്ഛനെ വെറുതെവിട്ടു
വെബ് ടീം
posted on 15-07-2023
1 min read
boy rode scooter mother fined 25000 rupees

തൃശൂർ: കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ സ്ത്രീയ്ക്കാണ് കാൽ ലക്ഷം രൂപ പിഴ. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണം. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റേതാണ് വിധി. ജനുവരി 20നാണ് മൂന്നുപേരുമായി കുട്ടി സ്കൂട്ടറോടിച്ചത്. അമ്മയുടെ പേരിലാണ് സ്കൂട്ടര്‍. പ്രതിയായ അച്ഛനെ ഒഴിവാക്കി.

ഈ വർഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ തലയിൽ മാത്രമാണ് ഹെൽമറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ അമിത വേഗത്തിലാണ് സ്കൂട്ടർ ഓടിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.


കുട്ടികൾ സ്കൂട്ടറുമായി മോട്ടോർ വാഹന വകുപ്പ് സംഘത്തിന്റെ മുന്നിൽപെട്ടതോടെയാണ് സംഭവത്തിൽ കേസെടുത്തത്. കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. സംഭവത്തിൽ അച്ഛൻ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥി നമ്പർപ്ലേറ്റില്ലാത്ത സൂപ്പർ ബൈക്ക് ഓടിച്ച സംഭവത്തിൽ വാഹനത്തിന്റെ ഉടമയ്ക്ക് 34,000 രൂപ പിഴയിട്ടിരുന്നു. വാഹന ഉടമയായ ആലുവ സ്വദേശി റോഷനാണ് പിഴ ലഭിച്ചത്. റോഷന്റെ ഡ്രൈവിങ് ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ ആർ സി ബുക്ക് ഒരു വർഷത്തേക്കും റദ്ദാക്കി. 

ഏപ്രിലിൽ മോട്ടോർ വാഹന വകുപ്പ് ആലുവയിൽ പരിശോധന നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥിയെ പിടികൂടിയത്. ബൈക്കിന്റെ നമ്പർപ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. റോഷന്റെ അടുത്ത ബന്ധുവാണ് വാഹനമോടിച്ച കുട്ടി. പ്രായപൂർത്തിയാകാത്തതിനാൽ കേസ് നിയമ നടപടികൾക്കായി കോടതിക്ക്‌ കൈമാറി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories