ന്യൂയോർക്ക്: മലയാളത്തിന്റെ മഹോത്സവം കേരളീയത്തിന്റെ കേളികൊട്ട് അമേരിക്കയിലെ ടൈം സ്‌ക്വയറിലും. കേരളത്തിന്റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം നവംബര്‍ ഒന്നിന് തലസ്ഥാനത്ത് കൊടിയേറിയപ്പോൾ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്റെ അനിമേഷന്‍ വീഡിയോ പ്രദർശിപ്പിച്ചു.
അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് കേരളീയം തെളിഞ്ഞത്. ഇതോടെ കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും നേട്ടങ്ങളും പുരോഗതിയും ആവിഷ്ക്കരിക്കുന്ന കേരളീയത്തിന്റെ സന്ദേശം വിദേശമണ്ണിലും എത്തിക്കഴിഞ്ഞു. ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറില്‍ കേരളീയത്തിന്റെ വീഡിയോയും ലോഗോയും നവംബര്‍ ഏഴുവരെ പ്രദര്‍ശിപ്പിക്കും.
കേരളത്തിന്റെയും കേരളീയം മഹോല്‍സവത്തിന്റെയും വൈവിധ്യവും സൗന്ദര്യവും സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്ത അനിമേഷന്‍ വീഡിയോയും ലോഗോയും ഇന്ത്യന്‍ സമയം പകല്‍ 10:27 മുതല്‍ ഒരുമണിക്കൂര്‍ ഇടവിട്ട് പ്രദര്‍ശിപ്പിക്കും.