സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരത്തെ കോളറ വ്യാപനം നിയന്ത്രണവിധേയമെന്ന് വിലയിരുത്തൽ. ആറാഴ്ച ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു...
പനിബാധിതരുടെ എണ്ണത്തിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. കൂടാതെ ആശുപത്രികളിലെ ഐപി, ഐസിയു, വെന്റിലേറ്റർ ഉപയോഗം അധികമായി ഉണ്ടായിട്ടില്ലെന്നും, ഉപയോഗം സാധാരണ നിലയിലാണെന്നും അറിയിച്ചു. 12498 പേരാണ് ഇന്നലെ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയത്.
മലപ്പുറം ജില്ലയിൽ രണ്ടായിരത്തിനു മുകളിലാണ് പനി ബാധിതരുടെ എണ്ണം. മറ്റു ജില്ലകളിലെ കണക്ക് ആയിരത്തിന് മുകളിൽ തുടരുകയാണ്. ഡെങ്കി ലക്ഷണങ്ങളോടെ 400 ൽ അധികം പേർ ഇതിനോടകം ചികിത്സ തേടി, 116 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. എച്ച് വൺ എൻ വൺ ബാധിച്ച് ഇന്നലെ ഒരു മരണം സ്ഥിരീകരിച്ചു. മൂന്നുപേരുടെ മരണം എലിപ്പനി മൂലമാണെന്ന സംശയവും നിലനിൽക്കുന്നു.
തിരുവനന്തപുരത്തെ കോളറ വ്യാപനം നിയന്ത്രണവിധേയമായി എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പകർച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ റാപ്പിഡ് റെസ്പോണ്ട്സ് ടീം, യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി.
മഴ തുടരുന്ന സാഹചര്യത്തിൽ ആറാഴ്ച ഹോട്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി നിർദ്ദേശിച്ചു.. ദുരിതാശ്വാസക്യാമ്പുകളിൽ നൽകുന്ന വെള്ളത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും നിർദ്ദേശമുണ്ട്.