ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് കേസെടുത്തു. സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോകായുക്ത പൊലീസിനു ജനപ്രതിനിധികളുടെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താമെന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചും വിധിച്ചിരുന്നു.
അന്വേഷണത്തിന് ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് നല്‍കിയ അനുമതി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് 2022 ജനുവരി 25നു നടന്ന ഭൂമി കൈമാറ്റത്തെച്ചൊല്ലിയാണ് വിവാദം. സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാര്‍വതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കിയെന്നാണ് മുഡ അഴിമതി ആരോപണം. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാര്‍, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ട് പ്രോസിക്യൂഷന് അനുമതി നല്‍കിയത്. ഗ്രാമത്തിലെ അവരുടെ 3.16 ഏക്കര്‍ ഏറ്റെടുത്തതിനുപകരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഭൂമി അനുവദിച്ചത് സിദ്ധരാമയ്യയുടെ സ്വാധീനഫലമായാണെന്നാണ് ആരോപണം.