Share this Article
രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവാകണം; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രമേയം
വെബ് ടീം
posted on 08-06-2024
1 min read
cwc-passes-resolution-to-appoint-rahul-gandhi-as-leader-of-opposition-in-lok-sabha

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പ്രമേയം. പ്രതിപക്ഷ നേതൃസ്ഥാനം രാഹുല്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായാണ് പാസാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പേരാട്ടത്തില്‍ രാഹുലിന്റെ നയങ്ങള്‍ക്ക് വലിയ സ്വീകാര്യത കിട്ടിയെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി.

ബിജെപിക്കെതിരെ കടുത്ത പോരാട്ടം നയിക്കണമെങ്കില്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തണമെന്ന് യോഗത്തില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ നയിച്ച സംസ്ഥാനങ്ങളില്‍ മുന്നേറ്റം ഉണ്ടായെന്നും അതുകൊണ്ട് ലോക്‌സഭയില്‍ രാഹുല്‍ നയിക്കണമെന്നുമായിരുന്നു യോഗത്തിന്റെ പൊതുവികാരം.രാഹുല്‍ ഗാന്ധി സഭയില്‍ മുന്‍നിരയില്‍ തന്നെ പ്രതിപക്ഷ സ്ഥാനത്തുണ്ടാകണമെന്നാണ് പ്രവര്‍ത്തകസമിതിയുടെ ആഗ്രഹമെന്നും ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത ഇല്ലന്നതിന്റെ തെളിവാണ് അയോധ്യയിലെ വിജയമെന്നും യോഗത്തിന് ശേഷം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ രാജ്യത്തെ വിഭജിക്കുന്ന നയത്തിനെതിരെയുള്ള രാഹുലിന്റെ പോരാട്ടമാണ് കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വയാനാടും റായ്ബറേലിയും കോണ്‍ഗ്രസിന് ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും ഏത് മണ്ഡലമാണ് ഒഴിവാക്കുകയെന്നത് സംബന്ധിച്ചുള്ള തീരുമാനം പതിനേഴിന് ഉള്ളില്‍ ഉണ്ടാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.

എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ, രാഹുല്‍ ഗാന്ധി അടുത്തയാഴ്ച വയനാട് മണ്ഡലം സന്ദര്‍ശിക്കും. അതിനുപിന്നാലെ റായ്ബറേലിയിലുമെത്തും, തുടര്‍ന്നായിരിക്കും ഇക്കാര്യത്തിലെ തീരുമാനം അറിയിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories