ന്യൂഡല്‍ഹി: 2035 ഓടെ ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍ നിര്‍മിക്കാനുള്ള ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ബഹിരാകാശ വകുപ്പിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. 2040 ല്‍ ആദ്യമായി ഇന്ത്യക്കാരനെ ചന്ദ്രനിലയക്കണമെന്നും മോദി പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മോദിയുടെ നിര്‍ദേശങ്ങള്‍.
ചാന്ദ്രയാന്‍-3, ആദിത്യ എല്‍1 ദൗത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബഹിരാകാശ സംരംഭങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍, 2035ല്‍ 'ഭാരതീയ അന്തരിക്ഷ സ്റ്റേഷന്‍' (ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍) സ്ഥാപിക്കുന്നതുള്‍പ്പെടെ രാജ്യം ലക്ഷ്യം വയ്ക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. 2040 ഓടെ ചന്ദ്രനിലേക്ക് ആദ്യ ഇന്ത്യക്കാരനെ അയക്കാന്‍ കഴിയണം'. മോദി പറഞ്ഞു. ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിനായുള്ള മാര്‍ഗരേഖ തയ്യാറാക്കും.
'20 ഓളം പ്രധാന പരീക്ഷണങ്ങള്‍, ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ (എച്ച്എല്‍വിഎം3) മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ എന്നിവയും ലക്ഷ്യങ്ങളിലുണ്ട്. ക്രൂ എസ്‌കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിളിന്റെ ആദ്യ പ്രദര്‍ശന ഫ്ലൈറ്റ് ഒക്ടോബര്‍ 21 ന് നടക്കും. ദൗത്യ അവലോകനം യോഗം വിലയിരുത്തി, മിഷന്‍ 2025 ല്‍ വിക്ഷേപിക്കും. ശുക്രന്‍, ചൊവ്വ ഗ്രഹങ്ങളുമായി ബന്ധപ്പെട്ട ദൗത്യങ്ങള്‍ ആരംഭിക്കാനും നരേന്ദ്ര മോദി ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കി. ചാന്ദ്രയാന്‍ 3 ന്റെ വിജയം ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയതായും മോദി പറഞ്ഞു.