Share this Article
പന്തയം വച്ച് പടക്കപ്പെട്ടിക്ക് മുകളിലിരുന്ന് തീകൊളുത്തി; യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 04-11-2024
1 min read
FIRE CRACKER

ബെംഗളൂരു: പടക്കം പൊട്ടിച്ചും മധുരം കൈമാറിയും ഒക്കെയാണ് ദീപാവലി ആഘോഷിക്കുന്നത്. പടക്കംപൊട്ടിക്കലുമായി ബന്ധപ്പെട്ട് പല അബദ്ധങ്ങളും ചിലപ്പോഴെക്കെ മനപ്പൂർവം ഉണ്ടാക്കുന്ന അപകടങ്ങളും സംഭവിക്കാറുണ്ട്. നടുക്കുന്നൊരു വാര്‍ത്തയാണ് ബെംഗളൂരുവില്‍നിന്ന് പുറത്തുവരുന്നത്. ഈ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കൂട്ടുകാരുമായി ബെറ്റുവെച്ച് പടക്കത്തിനുമുകളില്‍ ഇരുന്ന യുവാവിന് ദാരുണാന്ത്യം.ഒരു ഓട്ടോറിക്ഷയായിരുന്നു ബെറ്റ്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുമായി നടത്തിയ ബെറ്റിന്റെ ഭാഗമായാണ് ശബരീഷ് പടക്കങ്ങള്‍ നിറച്ച പെട്ടിയുടെ മുകളില്‍ ഇരുന്നത്. കൂട്ടുകാര്‍ ഇയാള്‍ക്ക് ചുറ്റും കൂടിനില്‍ക്കുന്നതും തിരികൊളുത്തിയ ശേഷം ഓടിമാറുന്നതും വീഡിയോയില്‍ കാണാം.

യുവാവ് ഒറ്റയ്ക്കിരുന്നു അല്‍പസമയത്തിന് ശേഷം പടക്കം  പെട്ടി പൊട്ടിത്തെറിക്കുന്നതും ശബരീഷ് പുറകിലേക്ക് മറിഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഉടന്‍ കൂട്ടുകാര്‍ വീണ്ടും ശബരീഷിന് ചുറ്റും ഓടിക്കൂടുന്നു. ശബരീഷ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും അതിനുകഴിയാതെ പിന്നാക്കം മറിഞ്ഞുവീഴുന്നതും കൂട്ടുകാര്‍ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലെ പുകവന്നുമൂടി ദൃശ്യങ്ങള്‍ മറയുന്നു.

പടക്കത്തിന് മുകളിലിരിക്കുന്ന യുവാവിന്റെ നടുക്കുന്ന ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‌ഫോടനത്തില്‍ ശബരീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായാണ് വിവരം. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും കരുതുന്നു. സംഭവത്തിന് മുമ്പായി ശബരീഷും കൂട്ടുകാരും മദ്യപിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories