Share this Article
കഴിഞ്ഞ ദിവസവും ഉണ്ണിയപ്പത്തെ കുറിച്ചുള്ള വീഡിയോ; രാത്രി വളരെ അസ്വസ്ഥൻ; രാഹുലിന്റെ വേർപാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
വെബ് ടീം
posted on 03-11-2023
1 min read
rahul n kutty demise

കൊച്ചി:"ഈ പുഞ്ചിരി ഇനിയില്ല''.രാഹുലിന്റെ വേർപാട് വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ പലരും സമൂഹ മാധ്യമങ്ങളിൽ എഴുതി.  സുഹൃത്തുക്കൾ  തുടരെ വിളിച്ചിട്ടും രാഹുൽ ഫോൺ എടുക്കാതെ വന്നതോടെ 12 മണിയോടെ മാടവനയിലെത്തി രാഹുലിന്റെ അച്ഛനെ വിളിക്കുകയും  ഫോൺ എടുക്കുന്നില്ലെന്ന് പറയുകയുമായിരുന്നു. തുടർന്ന് അച്ഛൻ മുറിയിൽ ചെന്നുനോക്കിയപ്പോളാണ് ബെഡ് ഷീറ്റിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ രാത്രി രാഹുൽ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളിൽ ചിലർ പറഞ്ഞു. അടുത്തിടെ രാഹുൽ പനമ്പള്ളി നഗറിൽ പാർടനർഷിപ്പിൽ കോഫി ഷോപ്പ് തുടങ്ങിയിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് രാഹുലിന്റെ ഫോൺ പരിശോധനയ്ക്കായി കൊണ്ടുപോയി.  

'കുട്ടിക്കാലം മുതലേ കഴിക്കുന്നതാണ് ഈ ഉണ്ണിയപ്പം. ഇതിന് തൊട്ടടുത്താണ് അച്ഛന്റെ വീട്. ഏകദേശം ഒരു മാസത്തോളം കാത്തിരിക്കണം ഈ ഉണ്ണിയപ്പം കിട്ടാന്‍. ബുക്കിങ് രീതിയാണ് പിന്തുടരുന്നത്. ഇതിന്റെ രുചികൊണ്ട് എത്രകാലം കാത്തിരിക്കാനും ഭക്ഷണപ്രേമികള്‍ക്ക് മടിയില്ല.' കഴിഞ്ഞ ദിവസം ഈറ്റ് കൊച്ചി ഈറ്റ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച രാഹുല്‍ എന്‍.കുട്ടി ചെയ്ത വീഡിയോയില്‍ പറയുന്ന കാര്യങ്ങളാണിത്. ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെ കുറിച്ചായിരുന്നു രാഹുലിന്റെ ഈ വീഡിയോ.

തടിച്ച ശരീരപ്രകൃതമായിരുന്ന രാഹുല്‍ ശരീരഭാരം കുറച്ചതുമായി ബന്ധപ്പെട്ട പോസ്റ്റുകളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 2009 മുതലാണ് ഭാരം കുറയ്ക്കാനുള്ള കാര്യങ്ങള്‍ രാഹുല്‍ ചെയ്തുതുടങ്ങിയത്. പത്ത് വര്‍ഷത്തിനുള്ളില്‍ ലക്ഷ്യത്തിലെത്തിയെന്നും രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു. 2009-ലേയും 2019-ലേയും ചിത്രങ്ങളും രാഹുല്‍ പോസ്റ്റ് ചെയ്തിരുന്നു. 'ഫുഡ് അടിച്ച് തടി കുറച്ചവന്‍' എന്നാണ് ഇതിന് താഴെ ആരാധകര്‍ കമന്റ് ചെയ്തിരുന്നത്.

മാടവന ഉദയത്തുംവാതിൽ കിഴിക്കേകിഴവന നാരാണൻ കുട്ടിയുടേയും ഷൈലജമേനോന്റെയും മകനാണ് മുപ്പത്തിമൂന്നുകാരനായ രാഹുൽ. ഭാര്യ: ശ്രീപ്രിയ. മകൻ: ഇഷിത്. സഹോദരൻ: രോഹിത് (ദുബൈ). സംസ്കാരം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ നടത്തും. 

കൊച്ചിയിലെ വ്യത്യസ്തങ്ങളായ ഭക്ഷണങ്ങളും ഹോട്ടലുകളും പരിചയപ്പെടുത്തുന്നതും ചർച്ച ചെയ്യുന്നതുമായ ഓൺലൈൻ സംഘമാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസവും ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വിഡിയോ രാഹുൽ ചെയ്തിരുന്നു. 2015ലാണ് കമ്മ്യൂണിറ്റി തുടങ്ങിയത്. ഫെയ്സ്ബുക്ക് ഫണ്ട് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. കമ്മ്യൂണിറ്റിയുടെ കൂടുതൽ പ്രവർത്തനങ്ങൾക്കായി 50,000 ഡോളറാണ് ഫെയ്സ്ബുക്ക് അനുവദിച്ചത്. നാല് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഇൻസ്റ്റഗ്രാമിൽ ഈറ്റ് കൊച്ചി ഈറ്റ് കമ്യൂണിറ്റിക്കുള്ളത്.


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories