ന്യുഡൽഹി: 2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത്. തുടര്‍ന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ അവതരിപ്പിച്ചു. നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അന്ന് ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. നോട്ട് നിരോധത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കള്ളപ്പണം തടയുക, ഭീകരവാദം അമര്‍ച്ചചെയ്യുക എന്നതടക്കമുള്ള ലക്ഷ്യങ്ങളാണ് നോട്ട് നിരോധനത്തിന് പിന്നിലുള്ളതെന്നാണ് അന്ന് പറയപ്പെട്ടിരുന്നത്.
രാജ്യത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോട്ട് നിരോധനത്തിനുശേഷം അവതരിപ്പിച്ച 2000-ത്തിന്റെ നോട്ടുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുള്ളത്. എന്നാൽ ഈ നോട്ടുകൾ സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ആകാം.
സെപ്റ്റംബർ 30നകം 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാം. ഒരു തവണ 20,000 രൂപ വരെ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാം. ഇടപാടുകളിൽ 2000 രൂപ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതായാണ് ആർബിഐയുടെ വിശദീകരണം.
1) 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിന് പിന്നിൽ.....
ഇടപാടുകളിൽ 2000 രൂപ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതായാണ് കണ്ടെത്തൽ. 2018-2019 നു ശേഷം 2000 നോട്ടുകൾ അച്ചടിച്ചിട്ടില്ല. നിലവിലുള്ള 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുമ്പ് പുറത്തിറക്കിയതാണ്. 4-5 വർഷമായിന്നു നോട്ടിന് കണക്കാക്കിയിരുന്ന ആയുസ്സ്. കൂടാതെ, 2000 വിപണിയിൽ സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ യഥേഷ്ടം ലഭ്യമായതിനാൽ പൊതുജനങ്ങളുടെ കറൻസി ആവശ്യകത നിറവേറ്റാൻ പര്യാപ്തമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ റിസർവ് ബാങ്കിന്റെ “ക്ലീൻ നോട്ട് പോളിസി” അനുസരിച്ച് രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചു.
2. എന്താണ് ക്ലീൻ നോട്ട് പോളിസി?
പൊതുജനങ്ങൾക്ക് നിലവാരമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള ആർബിഐ നയമാണ് ക്ലീൻ നോട്ട് പോളിസി. 1988-ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് കള്ളപ്പണത്തിന്റെ പ്രചാരം തടയുന്നതിനായി ഈ നയം കൊണ്ടുവന്നത്.
3)സാധാരണ ഇടപാടുകൾക്ക് 2000 രൂപ നോട്ടുകൾ ഉപയോഗിക്കാമോ?
ഉപയോഗിക്കാം. പൊതുജനങ്ങൾക്ക് അവരുടെ ദൈനംദിന ഇടപാടുകളിൽ 2000 രൂപാ നോട്ടുകൾ തുടർന്നും ഉപയോഗിക്കാം. എന്നിരുന്നാലും, 2023 സെപ്‌റ്റംബർ 30-നോ അതിനുമുമ്പോ ഈ നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം.
4. 2000 രൂപ നോട്ടുകളുടെ നിയമപരമായ സാധുത നിലനിൽക്കുമോ?
വിപണിയിൽ നിന്ന് പിൻവലിച്ചാലും 2000 രൂപയുടെ നിയമപരമായ സാധുത നിലനിൽക്കും.
5)കൈവശമുള്ള 2000 രൂപയുടെ നോട്ടുകൾ എന്തുചെയ്യണം?
കൈവശമുള്ള 2000 രൂപാ നോട്ടുകൾ സെപ്തംബർ 30 വരെ പൊതു ജനങ്ങൾക്ക് ബാങ്കുകളിൽ പോയി മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യാം. ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിലും (ROs) 2023 സെപ്റ്റംബർ 30 വരെ ഇതിനുള്ള സൗകര്യം ലഭ്യമായിരിക്കും.
6. 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിന് പരിധിയുണ്ടോ?
നിബന്ധനകൾക്ക് വിധേയമായി നിയന്ത്രണങ്ങളില്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ നോട്ടുകൾ നിക്ഷേപിക്കാം. നിലവിലുള്ള KYC മാനദണ്ഡങ്ങളും മറ്റ് നിയമങ്ങളും ബാധമകമായിരിക്കും.
7. 2000 രൂപ മാറ്റിയെടുക്കുന്നതിന് പരിധിയുണ്ടോ?
ഒരു തവണ 20,000 രൂപ വരെ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാം.
8. ബിസിനസ് കറസ്‌പോണ്ടന്റുമാർ മുഖേന 2000 രൂപയുടെ നോട്ടുകൾ മാറ്റാനാകുമോ?
ബിസിനസ് കറസ്‌പോണ്ടന്റുമാർ മുഖേന 2000 രൂപയുടെ നോട്ടുക മാറ്റാം. ഒരു ഉടമയ്ക്ക് പ്രതിദിനം 4000 രൂപയാണ് പരിധി.
9. 2000 രൂപ ബാങ്കുകളിൽ നിന്ന് മാറ്റി വാങ്ങേണ്ടത് എന്നു മുതലാണ്?
2023 മെയ് 23 മുതൽ ആർബിഐയുടെ ബാങ്ക് ശാഖകളെയോ ആർഒമാരെയോ സമീപിക്കാം.
10. ₹2000 ബാങ്ക് നോട്ടുകൾ മാറ്റിയെടുക്കാൻ ഉപഭോക്താക്കൾ അവരുടെ ബാങ്കുകളെ തന്നെ സമീപിക്കേണ്ടതുണ്ടോ?
2000 നോട്ട് മാറ്റാൻ പൊതു ജനങ്ങൾക്ക് ഏത് ബാങ്കിനേയും സമീപിക്കാം. 20,000 രൂപയാണ് മാറ്റിയെടുക്കാവുന്ന നോട്ടുകളുടെ പരിധി.
11. 20,000 രൂപയിൽ കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ എന്ത് ചെയ്യും?
മാറ്റിയെടുക്കാവുന്ന തുകയുടെ പരിധിയാണ് 20,000. ഉപഭോക്താവിന് നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാം. 2000 രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്യാം.
12. എക്സ്ചേഞ്ച് സൗകര്യത്തിന് എന്തെങ്കിലും ഫീസ് അടക്കേണ്ടതുണ്ടോ?
പ്രത്യേകിച്ച് ഫീസുകൾ നൽകാതെ തന്നെ പണം എക്സ്ചേഞ്ച് ചെയ്യാം
13. 2,000 രൂപ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനും മുതർന്ന പൗരന്മാർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഉണ്ടാകുമോ?
മുതിർന്ന പൗരന്മാർ, അംഗപരിമിതർ തുടങ്ങിയവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ബാങ്കുകൾക്ക് നിർദേശമുണ്ട്.
14. നിർധിഷ്ട സമയ പരിധിക്കുള്ളിൽ ഒരാൾക്ക് 2000 രൂപയുടെ നോട്ട് നിക്ഷേപിക്കാനോ മാറ്റാനോ കഴിഞ്ഞില്ലെങ്കിൽ എന്ത് സംഭവിക്കും?
നിലവിൽ 2000 രൂപ നോട്ട് മാറ്റാനോ നിക്ഷേപിക്കാനോ സെപ്റ്റംബർ 30 വരെ നീണ്ട നാല് മാസത്തെ സമയം പൊതുജനങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്.
15. 2000 രൂപ നോട്ടുകൾ നിക്ഷേപത്തിനോ മാറ്റാനോ ഒരു ബാങ്ക് വിസമ്മതിച്ചാൽ എന്തു ചെയ്യും?
ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായാൽ പരാതിയുമായി ഉപഭോക്താവിന് ആദ്യം ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കാം.