Share this Article
ഉമ്മന്‍ചാണ്ടി ഒരു അനുഭവമാകുമ്പോള്‍...
Oommen Chandy Passes Away

ജനനായകന്‍... ആള്‍ക്കൂട്ടത്തിനിടയില്‍ മടുക്കാതെ ജനങ്ങളെ കേള്‍ക്കാന്‍ എന്നുമുണ്ടായിരുന്ന നേതാവ്. കോതിയൊതുക്കാത്ത മുടിയും ഇസ്തിരി ഇടാത്ത വേഷത്തിലും വെച്ചുകെട്ടലുകളില്ലാതെ ഉമ്മന്‍ ചാണ്ടിയെന്ന നേതാവ് ജനങ്ങളെ കേട്ടു. സുഖത്തിലും ദുഃഖത്തിലും ചേര്‍ത്തുപിടിച്ച് ഉമ്മന്‍ ചാണ്ടി ഒരനുഭവമായി. അതിനുള്ള തെളിവാണ് അരനൂറ്റാണ്ടിലധികം ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായി നിയമസഭ കയറിയത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റില്‍ മത്സരിക്കാന്‍ ഉമ്മന്‍ചാണ്ടിയെന്ന ഇരുപത്തിയേഴുകാരന്‍ കന്നിയങ്കത്തിനിറങ്ങിയത്. അന്ന് കൈപിടിച്ച പുതുപ്പള്ളി പിന്നീട് കേരളരാഷ്ട്രീയത്തിന്റെ മറുവാക്കായി. ഉമ്മന്‍ചാണ്ടിയെന്നാല്‍ പുതുപ്പള്ളിയെന്ന മറ്റൊരു പേരുപോലെ. വിശ്രമമില്ലാത്ത 53 വര്‍ഷങ്ങളാണ് പിന്നീടാ 27കാരനുണ്ടായിരുന്നത്. അവധിയില്ലാതെ ജനങ്ങള്‍ക്കായി കേരളം മുഴുവനുമെത്തി ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാവുന്ന ആശ്രയമായിരുന്നു ഉമ്മന്‍ചാണ്ടി. ഏഴ് വര്‍ഷക്കാലം കേരളമുഖ്യമന്ത്രിയായ അദ്ദേഹം 1977-1978 കാലത്ത് തൊഴില്‍വകുപ്പ് മന്ത്രിയായി. 1982 ല്‍ ആഭ്യന്തരവകുപ്പ് മന്ത്രി, 1991-94 ല്‍ ധനകാര്യവകുപ്പ് മന്ത്രി,2006-2011 വരെ പ്രതിപക്ഷ നേതാവ് എന്നീ ചുമതലകളും വഹിച്ചു. 

ജനങ്ങളിലേക്ക് പടർന്ന് കയറിയ നേതാവ്

ഉമ്മന്‍ ചാണ്ടിയെ അടയാളപ്പെടുത്തിയത് മുഖ്യമന്ത്രിയായ കാലത്ത് ആംരഭിച്ച ജനസമ്പര്‍ക്കപരിപാടിയിലൂടെയാണ്. ഭരണാധികാരിയെന്ന നിലയില്‍ അതൊരു നാഴികക്കല്ലായിരുന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ അവരിലേക്ക് ഇറങ്ങിച്ചെന്ന നേതാവ്. ഉമ്മന്‍ ചാണ്ടി ഒരു അനുഭവമാണെന്ന് പറയുന്നതും ഇതുകൊണ്ടാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരിലേക്കിറങ്ങി അന്നുവരെയുണ്ടായിരുന്ന ഉടയാത്ത രാഷ്ട്രീയ മാതൃകകളെ ഉമ്മന്‍ചാണ്ടി ഉടച്ചുവാര്‍ത്തു. 

ജനാധിപത്യം അതിന്റെ എല്ലാ സത്തയും ചോരാതെ ജനങ്ങളിലേക്കെത്തിച്ചു. കേരളത്തിലുടനീളം അദ്ദേഹം നേരിട്ടെത്തി. അവസാനത്തെ പരാതിയും കേട്ടുമാത്രമാണ് അദ്ദേഹം വേദി വിട്ടത്. നീണ്ട 19 മണിക്കൂര്‍ വിശ്രമമില്ലാതെ ജനങ്ങളെ കേട്ട് ജനനായകന്‍ തന്നെയായി അദ്ദേഹം.

പരാതി എല്ലാം പരിഹരിച്ചു നല്‍കി കൂരിരുട്ടിലാണ്ട ജീവിതങ്ങള്‍ക്ക് വെളിച്ചമായി. ആ വെളിച്ചമായിരുന്നു രാഷ്ട്രീയ വിവാദങ്ങളിലും ഉലയാതെ ഉമ്മന്‍ ചാണ്ടിക്ക് നിലകൊള്ളാനായത്. കീറല്‍ വീണ ചുളിഞ്ഞ കുപ്പായത്തിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ജനകീയനാക്കിയത്. എന്നും കാത്തുസൂക്ഷിച്ച രാഷ്ട്രീയ ധാര്‍മികത മരണം വരെ അദ്ദേഹം കൂടെക്കൂട്ടി. രാഷ്ട്രീയ തന്ത്രജ്ഞനെന്ന് രാഷ്ട്രീയ ലോകം വിളിക്കുമ്പോഴും ജനങ്ങളുടെ നേതാവെന്ന് കേള്‍ക്കാനായിരുന്നു ഉമ്മന്‍ചാണ്ടിക്ക് ഇഷ്ടം. ഉമ്മന്‍ചാണ്ടി ഒരു അനുഭവമാണ്. ജനങ്ങള്‍ക്ക് സ്വന്തമായിരുന്ന അനുഭവം.  ജനനായകന് വിട

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories