തിരുവനന്തപുരം:ക്ഷേത്രത്തില്‍ വിവാഹത്തിനായെത്തിയ യുവതിയെ പോലീസ് ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. കോവളത്ത് ആണ് സംഭവം. കായംകുളം പോലീസാണ് പിടിച്ചുകൊണ്ടുപോയത്. മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ യുവതിയെ കോടതി പിന്നീട് യുവാവിനൊപ്പം വിട്ടു.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആലപ്പുഴ കായംകുളം സ്വദേശിയായ യുവതി തിരുവനന്തപുരം കോവളം സ്വദേശിയായ യുവാവുമായി ഏറെനാള്‍ പ്രണയത്തിലായിരുന്നു. മൂന്നുദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി കോവളത്തെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു പോലീസും ബന്ധുക്കളുമെത്തി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
അതേസമയം കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തിട്ടുള്ളതിനാലാണ് യുവതിയെ പിടിച്ചുകൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരത്തുനിന്ന് കൂട്ടിക്കൊണ്ടുപോയ യുവതിയെ പോലീസ് കായംകുളത്ത് മജിസ്‌ട്രേറ്റിനുമുന്‍പില്‍ ഹാജരാക്കി. യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി വരനൊപ്പമയച്ചു.