കൊല്ലപ്പെട്ട നേതാവ് ഇസ്മായിൽ ഹനിയയുടെ പിൻഗാമിയെ ഹമാസ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇസ്രായിലിനെതിരെയുണ്ടായ ഒക്ടോബർ ഏഴ് ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരനായ യാഹിയ സിൻവാർ ആണ് പുതിയ നേതാവ്.
കഴിഞ്ഞയാഴ്ച ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ അംഗരക്ഷകനൊപ്പമായിരുന്നു ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ഇതേത്തുടർന്നാണ് യാഹിയ സിൻവാർ ഹമാസിൻ്റെ പുതിയ നേതാവാകുന്നത്.
ഹനിയയെ കൊലപ്പെടുത്തിയതിന് 'പ്രതികാരം' ചെയ്യാനുള്ള ഹാമാസിൻ്റെ നീക്കത്തിൻ്റെ ആദ്യ ചുവടുവെപ്പായിട്ടാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്. ഈ സാഹചര്യത്തിൽ ആരാണ് യാഹിയ സിൻവാർ എന്ന് പരിശോധിക്കാം.
ആരാണ് യാഹിയ സിൻവാർ?
1962 ഒക്ടോബർ 29-ന് പാലസ്തീനിലെ ഖാൻ യൂനിസ് നഗരത്തിലാണ് യാഹിയ സിൻവാർ ജനിച്ചത്. ഇസ്രായേലിൻ്റെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഒന്നാം സ്ഥാനത്താണ് സിൻവാർ.
2023 ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ സൂത്രധാരൻ സിൻവാറാണെന്നാണ് ഇസ്രായേൽ സുരക്ഷാ ഏജൻസികൾ കരുതുന്നത്.
അന്താരാഷ്ട്ര ഭീകരനായി ചിത്രീകരിച്ച് അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള യാഹിയ ഇസ്ലാമിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കരുത്തനായ പോരാളിയാണ്. ഇസ്രായേലിൻ്റെ പേടി സ്വപ്നമെന്നും ഇസ്രായേലിനെ വിറപ്പിച്ച പോരാളിയെന്നുമാണ് ഹമാസിനെ അനുകൂലിക്കുന്നവർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
തടവറയിലേക്ക്
1980-കളുടെ അവസാനത്തിൽ അദ്ദേഹം പാലസ്തീൻ വിമോചന പോരാളികളുടെ സൈനിക വിഭാഗം രൂപീകരിക്കാൻ പ്രധാന പങ്കുവഹിച്ചു. അട്ടിമറി പ്രവർത്തനങ്ങളുടെ പേരിൽ 1982ൽ സിൻവാർ അറസ്റ്റിലായി.
തുടർന്ന് ഫറാ ജയിലിൽ കഴിയിന്നതിടെ സലാഹ് ഷെഹാദേയേപ്പൊലുള്ള പാലസ്തീൻ പ്രവർത്തകരെ കണ്ടുമുട്ടിയതോടെ പലസ്തീൻ വിമോചന പോരാട്ടങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു.
1985-ൽ വീണ്ടും അറസ്റ്റ്. തുടർന്ന് ജയിൽ മോചിതനായ ശേഷം, റാവ്ഹി മുഷ്താഹയുമായി ചേർന്ന് അദ്ദേഹം മുനസ്സമത്ത് അൽ ജിഹാദ് വൽ-ദവ (മജ്ദ്) എന്ന സംഘടന സ്ഥാപിച്ചു.
ഖാൻ യൂനിസിന്റെ കശാപ്പുകാരൻ
1987-ല്‍ രൂപീകരിച്ച ഹമാസിനോടൊപ്പം ചേർന്നായിരുന്നു സിൻവാറിൻ്റേയും സംഘത്തിൻ്റെയും പ്രവർത്തനം. ഈ കാലഘട്ടത്തിൽ ഇസ്രയേലുമായി സഹകരിച്ചു പ്രവർത്തിച്ചവരെന്ന് സംശയിക്കുന്നവരെയൊക്കെ യാഹിയ സിൻവറും കൂട്ടരും കൊന്നൊടുക്കിയിരുന്നു. തുടർന്ന് ‘ഖാൻ യൂനിസിന്റെ കശാപ്പുകാരൻ" എന്ന വിളിപ്പേരിലും സിൻവാർ അറിയപ്പെട്ടിരുന്നു.
രണ്ട് ഇസ്രയേല്‍ സൈനികരുടേയും നാല് പാലസ്തീന്‍ പൗരന്മാരുടേയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 1988ൽ സിൻ വാറിനെ വീണ്ടും അറസ്റ്റ് ചെയ്തു. കുറ്റ സമ്മതം നടത്തിയ സിൻ വാറിനെ ജയിലിലടച്ചു. തുടർന്ന് 22 വർഷക്കാലം ഇയാൾ ഇസ്രായേലിൻ്റെ തടവിൽ ആയിരുന്നു.
തടവറയിൽ നിന്ന് പുറത്തേക്ക്
2006ൽ ബന്ദിയാക്കിയ ഇസ്രായേൽ കമാൻഡർ ഗിലാദ് ഷാലിതിനെ വിട്ടു കൊടുക്കണമെങ്കിൽ സിൽവാറിനെ മോചിപ്പിക്കണമെന്ന ആവശ്യത്തെ തുടർന്ന് ഇസ്രായേലിന് 2011ൽ ഇയാളെ മോചിപ്പിക്കേണ്ടി വന്നു. ഇയാളോടൊപ്പം 1027 പാലസ്തീനികളെ കൂടി മോചിപ്പിച്ചിരുന്നു.
2015-ല്‍ അമേരിക്ക അന്തര്‍ദേശീയ തീവ്രവാദി നോട്ടപ്പുള്ളികളുടെ പട്ടികയില്‍ യഹിയയെ ഉൾപ്പെടുത്തി.
2017 ഫെബ്രുവരിയിലാണ് യാഹിയ സിൻവാർ ഹമാസ് തലപ്പത്തേക്ക് ഉയർന്ന് വന്നത്. ഇസ്മായില്‍ ഹനിയയ്ക്കു ശേഷം സായുധസംഘത്തില്‍ രണ്ടാമനായി യാഹിയ സിന്‍വാര്‍ ഉയർന്ന് വന്നു.