Share this Article
image
അന്‍വറിനെ 'പുറത്താക്കി'; ബൂർഷ്വാ പാർട്ടിയുടെ ചട്ടുകവും വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയുമെന്ന് എം വി ഗോവിന്ദന്‍
വെബ് ടീം
posted on 27-09-2024
1 min read
MV GOVINDAN

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എ ബൂർഷ്വാ  പാർട്ടിയുടെ ചട്ടുകവും  വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല. അന്‍വറുമായുള്ള ബന്ധം സിപിഐഎം അവസാനിപ്പിച്ചു. എല്‍ഡിഎഫ് പിന്തുണയോടെ കഴിഞ്ഞ രണ്ടുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട അന്‍വറിന് കമ്മ്യൂണിസ്റ്റ് സംവിധാനത്തെപ്പറ്റി ധാരണയില്ല. അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തുവരണമെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അംഗമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ കുറിച്ചോ സംഘടനാപരമായ രീതികളെ കുറിച്ചോ പാര്‍ട്ടി നയങ്ങളെ കുറിച്ചോ അദ്ദേഹത്തിന് വ്യക്തമായ ധാരണയില്ല. പാര്‍ട്ടിയുടെ അണികളുടെ പേരില്‍ ആളാകാന്‍ അന്‍വറിന് അര്‍ഹതയില്ല. ഇത്ര കാലമായിട്ടും പാര്‍ട്ടിയുടെ അംഗമാകാന്‍ പോലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് കുടുംബ പാരമ്പര്യത്തില്‍ നിന്ന് വന്ന അന്‍വറിന് വര്‍ഗ, ബഹുജന സംഘടനകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമില്ലെന്നും എം വി ഗോവിന്ദന്‍ തുറന്നടിച്ചു.'ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച ശേഷമാണ് അന്‍വര്‍ പരാതി നല്‍കിയത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ട നിലപാടാണോ ഇത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ ആദ്യം പാര്‍ട്ടിയിലാണ് ആദ്യം പരാതി ഉന്നയിക്കേണ്ടത്. ഭരണപരമായ കാര്യങ്ങളാണ് സര്‍ക്കാരിന് മുന്‍പാകെ പരാതി നല്‍കണം. അല്ലാതെ പരാതി നല്‍കുന്നതിന് മുന്‍പ് പരസ്യമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന നിലപാടല്ല. അദ്ദേഹം പാര്‍ട്ടിക്കും സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പി സുജിത്ത് ദാസിനെ സസ്‌പെന്‍ഡ് ചെയ്തത്. മലപ്പുറത്ത് പൊലീസ് തലപ്പത്ത് ചില മാറ്റങ്ങള്‍ വരുത്തി. അദ്ദേഹം ഭരണപരമായ പരാതികളാണ് നല്‍കിയത്. അതിനാല്‍ സര്‍ക്കാരിന്റെ നടപടി വിലയിരുത്തിയ ശേഷം പരിശോധിക്കാം എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. ആദ്യം അന്‍വര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ല. രണ്ടാമത്തെ കത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്. ഈ കത്ത് പാര്‍ട്ടി പരിശോധിക്കുകയാണ്. അന്‍വര്‍ ഉന്നയിക്കുന്നത് പോലെ പരാതികള്‍ക്ക് വേണ്ട പരിഗണന നല്‍കാതിരുന്നിട്ടില്ല. വേണ്ട പരിഗണന നല്‍കി തന്നെയാണ് പരാതികള്‍ പരിശോധിച്ച് വരുന്നത്. തുടര്‍ന്ന് ഞാന്‍ തന്നെ വിളിച്ച്് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി വി അന്‍വറിനെ ക്ഷണിച്ചു. മൂന്നാം തീയതി കാണാമെന്ന് പി വി അന്‍വര്‍ പറഞ്ഞു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്'- എം വി ഗോവിന്ദന്‍ പറഞ്ഞു.

'ഇത് വലതുപക്ഷ ശക്തികള്‍ക്ക് ആയുധം നല്‍കുന്നതിനെ ഉപകരിക്കൂ. ഇത് ആവര്‍ത്തിക്കരുതെന്ന് അന്‍വറിനോട് പറഞ്ഞതാണ്. എന്നിട്ടും ആവര്‍ത്തിക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചത്. ഒരു തെറ്റുകാരനെയും വച്ചുപൊറുപ്പിക്കില്ല എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളെ മുന്‍നിര്‍ത്തിയാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ കൈയില്‍ പെട്ടിരിക്കുന്നു, പിണറായി അവസാന മുഖ്യമന്ത്രിയായിരിക്കും എന്നാണ് കഴിഞ്ഞദിവസം അന്‍വര്‍ ആരോപണം ഉന്നയിച്ചത്. കേരളത്തില്‍ ഇനിയും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ ഉണ്ടാവും. ഇഎംഎസ് മുഖ്യമന്ത്രിയായിരുന്ന സമയത്തും തുടര്‍ന്നും ഇടതുപക്ഷത്ത് നിന്ന് മുഖ്യമന്ത്രിമാര്‍ ഉണ്ടായപ്പോഴും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.എന്നിട്ട് എന്താണ് സംഭവിച്ചത്. എ കെ ആന്റണി പറഞ്ഞത് നൂറ് വര്‍ഷത്തേയ്ക്ക് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ ഉണ്ടാവില്ല എന്നാണ്. തുടര്‍ച്ചയായി ഇടതുപക്ഷം ഭരിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് അവസരവാദപരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് റിയാസിനെ പ്രകീര്‍ത്തിച്ച് അന്‍വര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടു. ഇപ്പോള്‍ വിമര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പിണറായി കുടുംബത്തിന്റെ ഭാഗമായി കണ്ടാണ് വിമര്‍ശനം'- എം വി ഗോവിന്ദന്‍ തുറന്നടിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories