Share this Article
പെെലറ്റിനെയും ഭർത്താവിനെയും ഓടിച്ചിട്ട് തല്ലി നാട്ടുകാർ,10 വയസുകാരിയെ വീട്ടുജോലിയ്ക്ക് നിർത്തി ഉപദ്രവിച്ചെന്നാരോപണം/ ​വീഡിയോ
വെബ് ടീം
posted on 19-07-2023
1 min read
Pilot and husband thrashed by mob

ന്യൂഡൽഹി: എയർലെെൻ പെെലറ്റിനെയും ഭർത്താവിനെയും വീട്ടിൽ നിന്ന് ഇറക്കി റോഡിലിട്ട് മർദിച്ച് നാട്ടുകാർ. പത്ത് വയസുകാരിയെ വീട്ടുജോലിയ്ക്ക് നിർത്തി ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ചാണ് നാട്ടുകാർ പെെലറ്റിനെയും ഭർത്താവിനെയും മർദിച്ചത്. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. പെെലറ്റ് അവരുടെ യൂണിഫോമിലുള്ളപ്പോഴാണ് നാട്ടുകാർ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ പെെലറ്റിന്റെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്ന് സ്‌ത്രീകൾ മർദ്ദിക്കുന്നത് കാണാം. ഭർത്താവിനെയും മർദിക്കുന്നുണ്ട്.

രണ്ട് മാസം മുൻപാണ് ദമ്പതികൾ പെൺകുട്ടിയെ വീട്ടുജോലിക്കെടുക്കുന്നത്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലുമുള്ള മുറിവുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ പെെലറ്റിന്റെ വീട്ടിലെത്തി അവരെ മർദിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. പെെലറ്റായ യുവതിയുടെ ഭർത്താവ് മറ്റൊരു സ്വകാര്യ എയർലെെനിൽ ഗ്രൗണ്ട് സ്റ്റാഫാണ്. ബാലവേല, ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടിയെ അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ കൗൺസിലിംഗ് നടത്തി വെെദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories