ചെന്നൈ: ചെങ്കല്‍പ്പേട്ട് എസ്.ഐ.യാണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവതി പിടിയില്‍. തൂത്തുക്കുടി ജില്ലയിലെ രാജപാളയം സ്വദേശിയായ ഗംഗാദേവിയാണ് രണ്ട് സുഹൃത്തുകളുടെ വീട്ടില്‍ പൊലീസ് വേഷത്തിലെത്തി കവര്‍ച്ചനടത്തിയത്. ഇവരുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് പണം നഷ്ടമായ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
ചെന്നൈയ്ക്കുസമീപം ചെങ്കല്‍പ്പേട്ടില്‍ എസ്.ഐ.യായി പ്രവര്‍ത്തിക്കുകയാണെന്നും ഒരു ഏറ്റുമുട്ടല്‍ക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് സ്വന്തംനാട്ടില്‍ വന്നതെന്നുംപറഞ്ഞായിരുന്നു ഗംഗാദേവി സുഹൃത്തുക്കളുടെ വീട്ടിലെത്തിയത്. ആദ്യവീട്ടിലെത്തിയപ്പോള്‍ അവിടെ സുഹൃത്തിന്റെ അമ്മമാത്രമെ ഉണ്ടായിരുന്നുള്ളൂ. കുറേസമയം അവിടെ ചെലവഴിച്ചതിനുശേഷം ഗംഗാദേവി മടങ്ങി. ഇവിടെനിന്ന് 2,000 രൂപയും ഒരു സ്വര്‍ണമാലയും കാണാതാകുകയായിരുന്നു.
കഴിഞ്ഞദിവസം മറ്റൊരുസുഹൃത്തായ വളര്‍മതിയെ സന്ദര്‍ശിച്ചു. ഗംഗാദേവിയുടെ പെരുമാറ്റത്തില്‍ വളര്‍മതിക്ക് അസ്വാഭാവികതതോന്നിയിരുന്നു. ഇവര്‍ പോയതിനുശേഷം 2,000 രൂപ കാണാതായതോടെ സംശയമായി. തുടര്‍ന്ന്, വളര്‍മതിയും ഭര്‍ത്താവും ഗംഗാദേവിയെ പിന്തുടര്‍ന്ന് പിടികൂടുകയും പണം കണ്ടെത്തുകയുമായിരുന്നു. പിന്നീട് പൊലീസെത്തി അറസ്റ്റുചെയ്തു. 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഗംഗാദേവി തൊഴില്‍രഹിതയായിരുന്നു.