Share this Article
അസ്ഫാക് ആലം പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി; കൊടും ക്രിമിനലെന്ന് പൊലീസ്; പോക്‌സോ കേസില്‍ ജയിലില്‍ കിടന്നു, ജാമ്യത്തിലിറങ്ങി മുങ്ങി
വെബ് ടീം
posted on 01-08-2023
1 min read
ASAFAQ ALAM CRIMINAL, JAILED IN POSCO CASE SAYS POLICE

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലം കൊടും ക്രിമിനലെന്ന് പൊലീസ്. ഇയാള്‍ മുമ്പ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. 2018 ല്‍ ഡല്‍ഹിയില്‍ പോക്‌സോ കേസിലെ പ്രതിയാണെന്നാണ് കണ്ടെത്തിയത്. 

ഈ കേസില്‍ ഗാസിയാബാദ് പൊലീസാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലത്തെ അറസ്റ്റു ചെയ്തത്. കേസില്‍ ഒരുമാസം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. ഫിംഗര്‍ പ്രിന്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡല്‍ഹിയിലെ കേസ് സംബന്ധിച്ച വിവരം ലഭിച്ചതെന്ന് റൂറല്‍ പൊലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. 

ഇയാളുടെ സ്വന്തം നാടായ ബിഹാറില്‍ അസ്ഫാക് സമാനമായ കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അന്വേഷണ സംഘം ബിഹാറിലേക്ക് പോകും. അന്വേഷണം ശരിയായ ദിശയിലാണെന്നും എസ്പി വ്യക്തമാക്കി. 

ആലുവ സബ് ജയിലില്‍ വെച്ച് അസ്ഫാക് ആലത്തിന്റെ തിരിച്ചറിയല്‍ പരേഡ് നടത്തി. കേസില്‍ ദൃക്‌സാക്ഷികള്‍ ഇയാളെ തിരിച്ചറിഞ്ഞു. മാര്‍ക്കറ്റില്‍ വെച്ച് പ്രതിയെയും കുട്ടിയെയും കണ്ട തൊഴിലാളി താജുദ്ദീന്‍, പ്രതി സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസിലെ യാത്രക്കാരിയായ സ്ത്രീ തുടങ്ങിയവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories