Share this Article
ഗുരുതര സാമ്പത്തികതട്ടിപ്പ്; ചൈനയിലും തിരിച്ചടി നേരിട്ട് വിവാദകമ്പനി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ്

Serious financial fraud; Controversial company PricewaterhouseCoopers directly hit back in China

ചൈനയിലും തിരിച്ചടി നേരിട്ട് വിവാദകമ്പനി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്. ഗുരുതര സാമ്പത്തികതട്ടിപ്പ് നടത്തിയതിനെതുടര്‍ന്ന് കമ്പനിയ്‌ക്കെതിരെ കനത്തപിഴ ചുമത്താനാണ് ചൈനീസ് ധനകാര്യമന്ത്രാലയത്തിന്റെ നീക്കം.

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് സോങ് ടിയാന്‍ എന്ന ഷാങ്ഹായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ ഉപകമ്പനിയാണിത്. ഷാങ്ഡാ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളില്‍ തിരിമറി നടത്തി എന്ന പേരില്‍ ദിവസങ്ങള്‍ക്കു മുന്‍പേ തന്നെ കമ്പനിക്കെതിരെ ചൈനീസ് സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു.

അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 1 ബില്ല്യണ്‍ യുവാന്‍ പിഴയൊടുക്കേണ്ടിവരുമെന്നാണ് സൂചന. നിലവില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണ് ഇത്. 2023ല്‍ ഡിലോയ്റ്റ് ടൂഷേ ടൊമാറ്റ്‌സു എന്ന കമ്പനിക്കെതിരെ സര്‍ക്കാര്‍ 212 മില്യന്‍ യുവാന്‍ പിഴ ചുമത്തിയിരുന്നു.

വാര്‍ഷികവരുമാനം പെരുപ്പിച്ച് കാട്ടിയെന്ന പേരില്‍ ഷാങ്‌ഡേയ്‌ക്കെതിരെ സര്‍ക്കാര്‍ പിഴചുമത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍സംബന്ധിച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച കമ്പനിയായിരുന്നു പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ്. മൂന്നുവര്‍ഷം മുമ്പ് കേരള സര്‍ക്കാരിന്റെ ഐ.ടി പദ്ധതികളില്‍ നിന്നെല്ലാം കമ്പനിയെ വിലക്കിയിരുന്നു.

പിഴ കൂടാതെ കമ്പനിയുടെ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ചൈനീസ് ഭരണകൂടം ഉത്തരവിട്ടതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതിനെ സംബന്ധിച്ച് യാതൊരു പ്രതികരണവും കമ്പനിയുടെ ഭാഗത്ത് നിന്നും പുറത്തുവന്നിട്ടില്ല.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories