Share this Article
മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി തള്ളി
വെബ് ടീം
posted on 13-09-2024
1 min read
mishel-shaji

കൊച്ചി: മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മിഷേല്‍ ഷാജി തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്റെയും സൈലമ്മയുടെയും മകളായ മിഷേൽ ഷാജിയെ 2017 മാര്‍ച്ച് അഞ്ചിനാണ് കൊച്ചിയില്‍ നിന്നും കാണാതായത്. എറണാകുളം കച്ചേരിപ്പടിയിലെ സെന്റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സ്വകാര്യ കോളേജില്‍ സി എ പഠിക്കുകയായിരുന്നു മിഷേല്‍. കാണാതായ അന്നു വൈകീട്ട് അഞ്ചിന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

പിറ്റേന്ന് വൈകീട്ട് ആറുമണിയോടെ കൊച്ചി കായലിൽ, ഐലന്‍ഡ് വാര്‍ഫില്‍ നിന്ന് മിഷേലിന്റെ മൃതദേഹം കണ്ടു കിട്ടിയിരുന്നു. മകളെ ആരോ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാരുടെ പരാതി. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories