ന്യൂഡല്‍ഹി: ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. കൂടിക്കാഴ്ചയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവര്‍ പങ്കെടുത്തു.
'ജെഡിഎസ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ട്. അവരെ ഞങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ഇത് എന്‍ഡിഎയെ കൂടുതല്‍ ശക്തിപ്പെടുത്തും'- നഡ്ഡ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസുമായി ധാരണയുണ്ടാകുമെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് ബി എസ് യെഡിയൂരപ്പ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചില ചര്‍ച്ചകളും നടന്നിരുന്നു. കര്‍ണാടകയില്‍ 28 മണ്ഡലങ്ങളില്‍ നാല് ലോക്‌സഭാ സീറ്റുകള്‍ ജെഡിഎസിന് നല്‍കും.
അതേസമയം, ജെഡിഎസ് കേന്ദ്രനേതൃത്വത്തിന്റെ നടപടിക്കെതിരെ കേരളാഘടകം രംഗത്തെത്തി. എന്‍ഡിഎയുടെ ഭാഗമാവാനില്ലെന്ന് കേരള ഘടകം അറിയിച്ചു. ഏഴാം തീയതി സംസ്ഥാന കമ്മറ്റിയോഗം ചേരുമെന്ന് മാത്യു ടി തോമസ് പറഞ്ഞു.