തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കടല്‍ത്തീരത്തുനിന്ന് കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പ്രസവിച്ച ഉടന്‍ അഞ്ചുതെങ്ങ് സ്വദേശി ജൂലി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശുചിമുറിക്ക് പിന്നില്‍ കുഴിച്ചിട്ട ജഡം നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പൊലീസ് പറയുന്നു.
പതിനെട്ടാം തീയതിയാണ് നവജാതശിശുവിന്റെ മൃതദേഹം കടപ്പുറത്ത് നായ്ക്കള്‍ കടിച്ചുകൊണ്ടുപോകുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. സമീപത്തെ എല്ലാ ആശുപത്രികളിലും പൊലീസ് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചുതെങ്ങ് സ്വദേശിയായ ജൂലിയിലേക്ക് അന്വേഷണം എത്തിയത്. ജൂലിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോള്‍ സമീപസമയത്ത് അവര്‍ പ്രസവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതായി യുവതി പൊലീസിനോട് സമ്മതിച്ചു.
പ്രസവിച്ച ഉടനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ശുചിമുറിയുടെ സമീപത്തു മറവ് ചെയ്തതായി ജൂലി പൊലീസിന് മൊഴി നല്‍കി. ജൂലിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു. ഇവര്‍ക്ക് പതിമൂന്ന് വയസുള്ള മറ്റൊരു കുട്ടിയും ഉണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതുള്‍പ്പെടെ അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.