ഗുവാഹാട്ടി:കിസാന്‍ മോര്‍ച്ചയിലെ മുതിര്‍ന്ന നേതാവിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബി.ജെ.പി. വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അസമിലെ ബി.ജെ.പി. നേതാവും കിസാന്‍ മോര്‍ച്ച സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറിനെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുതിര്‍ന്ന നേതാവും ഇന്ദ്രാണിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ ഈ നേതാവ് ഒളിവില്‍പോയിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.
അമിതമായ അളവില്‍ മരുന്ന് കഴിച്ചാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെന്‍ട്രല്‍ ഗുവാഹാട്ടി ഡി.സി.പി. ദീപക് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വനിതാ നേതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. സ്വകാര്യചിത്രങ്ങള്‍ പുറത്തായത് സംബന്ധിച്ച് ഇതുവരെ പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡി.സി.പി.പറഞ്ഞു.