ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുള്ളവര്‍ക്ക് ഒടുവില്‍ മോചനം.ഇന്ത്യക്കാരടക്കം കപ്പലിലുള്ള എല്ലാ ജീവനക്കാരെയും വിട്ടയച്ചെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
17 ഇന്ത്യക്കാര്‍ അടക്കം 25 ജീവനക്കാരാണ് പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്നത്.മാനുഷിക പരിഗണന കണക്കിലെടുത്താണ് എല്ലാവരെയും വിട്ടയച്ചതെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.വിട്ടയച്ച ജീവനക്കാര്‍ക്ക് അവരുടെ ക്യാപ്റ്റന്റെ തീരുമാന പ്രകാരം സ്വന്തം രാജ്യത്തേക്ക് മടങ്ങാമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളാഹി അറിയിച്ചു.
കപ്പലിലെ ഏക വനിതാ ജീവനക്കാരിയായിരുന്ന മലയാളിയായ ആന്‍ ടെസ്സ ജോസഫിനെ ഏപ്രില്‍ 18 ന് തന്നെ മോചിപ്പിച്ചിരുന്നു.മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മറ്റു മലയാളികള്‍.
കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നറിയിച്ചതിനു പിന്നാലെ ജീവനക്കാരെ കാണാന്‍ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ ഉടമസ്ഥതയിലുളള കപ്പല്‍ ഏപ്രില്‍ 13 നാണ് ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ച് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് പിടിച്ചെടുക്കുന്നത്.
ഡമാസ്‌കസിലെ കോണ്‍സുലേറ്റിനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കപ്പല്‍ പിടിച്ചെടുത്തത്.