ഭോപ്പാല്‍: മധ്യപ്രദേശില്‍ ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ വസ്ത്രമുരിഞ്ഞ് നഗ്നയാക്കി, മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. ലാലു എന്ന നിതിന്‍ അഹിര്‍വാര്‍ (18) ആണ് കൊല്ലപ്പെട്ടത്.
12 ഓളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. എട്ടുപേരെ അറസ്റ്റ് ചെയ്തതായി സാഗര്‍ പൊലീസ് അറിയിച്ചു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കൊല്ലപ്പെട്ട യുവാവിന്റെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 2019 ല്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ ആക്രമം അഴിച്ചുവിട്ടത്. യുവാവിന്റെ സഹോദരിയെയും മര്‍ദ്ദിച്ച് അവശരാക്കിയ പ്രതികള്‍, വീടും തല്ലിത്തകര്‍ത്തു.